ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എ പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു.
എന്ത് നടപടിയെന്ന് ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാം. ജില്ലാ കമ്മറ്റി തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കും. പത്മകുമാറിനെതിരെ നടപടി വൈകിയത് കേരളം മുഴുവൻ തിരിച്ചടിക്ക് കാരണമായെന്ന് തോമസ് ഐസക് വിമർശിച്ചു. പത്മകുമാർ വിഷയത്തിൽ ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കും.
പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാൻ സിപിഐഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. നടപടിയെടുത്ത ശേഷം അക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ശബരിമല യുവതി പ്രവേശനവും ശബരിമല സ്വർണ്ണക്കൊള്ളയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആത്മകഥയിലൂടെ കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന പത്മകുമാറിന്റെ നിലപാടും യോഗത്തിൽ ചർച്ചയാകും.
സമ്മർദ്ദ തന്ത്രത്തിലൂടെ നടപടി ഒഴിവാക്കാനുള്ള ശ്രമമാണ് പത്മകുമാറിന്റേത് എന്നാണ് സിപിഐഎമ്മിനുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. പത്മകുമാറിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് അഭിപ്രായവും പ്രവർത്തകർക്കിടയിൽ ഉണ്ട്. അതേസമയം, ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിൽ മന്ത്രി ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി എ പത്മകുമാർ രംഗത്തെത്തിയിരുന്നു. താൻ നിർദ്ദേശിക്കുന്നയാളെ നിയമിക്കണമെന്ന് പറഞ്ഞ് ഒരു മന്ത്രി കത്ത് നൽകിയിരുന്നെന്ന് പത്മകുമാർ സുഹൃത്തുക്കളോട് പറഞ്ഞു.
യുവതീപ്രവേശത്തിൽ ഉൾപ്പെടെ കൂടുതൽ വെളിപ്പെടുത്തലുകളും എ പത്മകുമാർ നടത്തി.എന്നാൽ സ്വർണക്കൊള്ള കേസ് അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കുറ്റപത്രം സമർപ്പിച്ച ശേഷം, ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
