Breaking
Mon. Jun 15th, 2026

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം: മുഖ്യമന്ത്രി

  • സൗജന്യ യാത്ര സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇടപെടൽ

സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1965ൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം പൊതുഗതാഗത മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാകുക മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകും.

പദ്ധതി നടപ്പിലാകുന്നതോടെ പ്രതിമാസ യാത്രാചെലവിൽ നിന്നുള്ള ലാഭം കുടുംബങ്ങളുടെ സമ്പാദ്യമായി മാറും. ഒരു വർഷം ഏകദേശം 800 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത്. ഇത് പൊതുസമൂഹത്തിലേക്ക് തിരിച്ചെത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി നഗരങ്ങളിലെ വാഹനസാന്ദ്രത കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്വകാര്യ ബസ് മേഖലയെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് സർക്കാർ കാണുന്നത്. സ്വകാര്യ ബസ് മേഖലയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും.

സ്ത്രീകളെ ആദരിക്കുന്ന സന്ദേശമായാണ് സർക്കാർ ഈ പദ്ധതിയെ കാണുന്നത്. അധികാരത്തിലെത്തിയ ശേഷം സർക്കാർ നടപ്പാക്കുന്ന ആദ്യ പ്രഖ്യാപന പദ്ധതിയാണിത്. സ്ത്രീത്വത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരം നടപ്പാക്കുമ്പോൾ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി ഉൾപ്പെടെ നിരവധി വനിതകൾ പദ്ധതിയുടെ ഭാഗമാകുന്നുവെന്നത് സന്തോഷകരമാണ്.

അഭിമാനത്തോടും നിറഞ്ഞ കണ്ണുകളോടും കൂടി പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കായി സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ സീറോ യാത്രാ ടിക്കറ്റ് മുഖ്യമന്ത്രി ഡൽവിക്കും അമേയ പ്രസാദിനും കൈമാറി. പ്രിയദർശിനി യാത്രാ പദ്ധതിയുടെ ഹ്രസ്വ വീഡിയോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതമാശംസിച്ചു. പട്ടിക ജാതി,പട്ടിക വർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വിശിഷ്ടാതിഥിയായി. എം എൽ എ മാരായ എം വിൻസന്റ്, എൻ ശക്തൻ, ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗൺസിലർ സി ഹരികുമാർ, കെ എസ് ആർ ടി സി സി എം ഡി ഡോ. പി എസ് പ്രമോജ് ശങ്കർ എന്നിവർ സംബന്ധിച്ചു.

തുടർന്ന് പദ്ധതിക്ക് തുടക്കം കുറിച്ച് തമ്പാനൂരിൽ നിന്നും സെക്രട്ടറിയിലേക്കുള്ള ആദ്യ ബസ് യാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഭാഗമായി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *