ആര്‍എസ്എസ് മേധാവിയുടെ ചടങ്ങില്‍ പങ്കെടുത്ത വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആവശ്യം ഗത്യന്തരമില്ലാതെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നതാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രമുഖരായ മൂന്ന് വൈസ് ചാന്‍സലര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇത് തെറ്റാണ് എന്ന് ഇന്നലെയും ഇന്നുമായി കേരളത്തിലെ മതനിരപേക്ഷ നിലപാടുള്ള ജനങ്ങളാകെ ശക്തിയായി ഈ നിലപാട് പ്രതിഷേധിക്കുന്ന സന്ദര്‍ഭത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇപ്പോള്‍ മാപ്പ് പറയണം എന്ന് പറഞ്ഞിരിക്കുന്നത്. മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നതാണോ ഇത്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍മാരുടെ എല്ലാ ശ്രമങ്ങളും ശക്തമായി പ്രതിരോധിച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സര്‍ നിയമനത്തില്‍ ഒരു പ്രതിഷേധവും വി ഡി സതീശന്‍ ഉയര്‍ത്തിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മുന്‍പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊടുക്കുന്ന മൂന്ന് പേരടങ്ങിയ ലിസ്റ്റില്‍ നിന്നാണ് താത്കാലിക വി സിമാരെ നിയമിച്ച് പോന്നിരുന്നത്. അങ്ങനെയൊരു വി സി അവിടെയുള്ളപ്പോഴാണ്, അദ്ദേഹത്തിന് സമയം വേണമെങ്കില്‍ നീട്ടിക്കൊടുക്കാമെന്നിരിക്കേയാണ് അത് പൂര്‍ണമായും ഒഴിവാക്കി ആര്‍എസ്എസ് നോമിനിയെ അവിടെ നിശ്ചയിച്ചിട്ടുള്ളത്. അതിനെതിരെ ഒരക്ഷരം പറയാന്‍ ഞാന്‍ ഒരുക്കമല്ല എന്ന നിലപാടാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എംജി യൂണിവേഴ്‌സിറ്റിയില്‍ 19 സെനറ്റ് അംഗങ്ങളെ തീരുമാനിച്ചും. 19ളും ആര്‍എസ്എസിന്റെ പ്രമുഖന്മാരായ പ്രവര്‍ത്തകന്‍മാരാണ്. ഒരക്ഷരം ഇന്നേവരെ മിണ്ടിയിട്ടില്ല. ആര്‍എസ്എസ് വത്കരിക്കാന്‍വേണ്ടി, ഹിന്ദുത്വവത്കരിക്കാന്‍ വേണ്ടി ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതിന് പൂര്‍ണമായും മൗനാനുവാദം കൊടുക്കുകയും ഗവര്‍ണര്‍ക്കൊപ്പം നീങ്ങുകയും ചെയ്ത സമീപനമാണ് കേരളത്തില്‍ കൊണ്ടുകൊണ്ടിരിക്കുന്നത്. മാപ്പിലൊതുങ്ങുന്നതല്ല. മതനിരപേക്ഷ ഉള്ളടക്കമുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്. അവിടെ കാവിവത്കരിക്കാനുള്ള ശ്രമം നടന്നാല്‍ അതിനെ കേരളത്തിലെ ജനങ്ങള്‍ ശക്തിയായി എതിര്‍ക്കും. ആ എതിര്‍പ്പ് ശക്തിപ്പെട്ട് വരുമ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടിയുള്ള വഴിയാണ് മാപ്പ് – അദ്ദേഹം പറഞ്ഞു.
