Breaking
Mon. May 25th, 2026

മഴക്കാല മുന്നൊരുക്കം: അവലോകന യോഗം ചേര്‍ന്നു

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ട പ്രവൃത്തികള്‍ സംബന്ധിച്ച് സബ് കളക്ടര്‍ അതുല്‍ സാഗറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ദുര്‍ബല പ്രദേശങ്ങള്‍ അടിയന്തരമായി കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കാന്‍ സബ് കളക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശസ്ഥാപന പരിധിയിലുള്ള അപകടകരമായി നില നില്‍ക്കുന്ന ഡ്രൈനേജ് പോയിന്റുകള്‍ കണ്ടെത്തി അപകട സാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് അടിയന്തരമായി ഗ്രാമസഭ കൂടുന്നതിനുള്ള നടപടി സ്വീകരിക്കണം. പ്ലാന്റ്റേഷന്‍ പ്രദേശങ്ങളില്‍ താമസിക്കന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഇത്തരം സ്ഥലങ്ങളിലെ കണക്റ്റിവിറ്റി, വൈദ്യുതി എന്നിവ ഉറപ്പുവരുത്തണം. ലയങ്ങളുടെ ഫിറ്റ്‌നെസ് ഉറപ്പു വരുത്തണം. ലയങ്ങളോട് അടുത്ത് അടിയന്തരമായി ക്യാമ്പുകള്‍ ആരംഭിക്കുവാന്‍ അവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തുകയും അവിടങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കുകയും വേണം.

മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് താലൂക്ക് പരിധികളിലുള്ള ക്യാമ്പുകള്‍ പരിശോധിച്ചു വരികയാണെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു. അപകടകരമായി നില്‍ക്കുന്ന മരത്തിന്റെ കൊമ്പുകളും മരങ്ങളും ട്രീ കമ്മിറ്റി കൂടി അടിയന്തരമായി മുറിച്ചു മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മഴക്കാലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിക്കാന്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എല്‍എസ്ജിഡി എ ഡി അറിയിച്ചു.

ജില്ലയില്‍ ആവശ്യത്തിന് മരുന്നുകളും പാമ്പുകടിക്കുള്ള ആന്റിവെനവും സ്റ്റോക്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. സ്‌കൂള്‍ കെട്ടിടങ്ങളുടെയും സ്‌കൂള്‍ ബസുകളുടേയും ഫിറ്റ്‌നസ് പരിശോധന നടന്നു വരുന്നുണ്ടെന്ന് വിദ്യാഭ്യാസ-ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സബ് ഡിവിഷണല്‍ യോഗങ്ങള്‍ നടന്നു വരുന്നതായും ജാഗ്രതാ സമിതികളുടെ യോഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്നും കെ എസ് ഇ ബി അറിയിച്ചു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്റ്റര്‍ എം.കെ ഇന്ദു, ദുരന്തനിവാരണ അതോറിറ്റി സ്‌പെഷ്യല്‍ ഓഫീസര്‍ അശ്വിന്‍ പി കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *