Breaking
Mon. May 25th, 2026

‘സി പി ജോണിനോ, ഷിബു ബേബി ജോണിനോ ഫിഷറീസ് വകുപ്പ് നൽകണം’; ആവശ്യത്തിൽ ഉറച്ച് ലത്തീൻ സഭ

ഫിഷറീസ് വകുപ്പ് സിപി ജോണിനോ, ഷിബു ബേബി ജോണിനോ നൽകണമെന്ന ആവശ്യവുമായി ലത്തീൻ സഭ. ആവശ്യം തിരുവനന്തപുരം ലത്തീൻ അതിരൂപത മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. തീരദേശ മേഖലയിലെ പ്രശ്നങ്ങൾ അറിയുന്ന ഒരാൾ ആകണം ഫിഷറീസ് മന്ത്രി എന്ന് കഴിഞ്ഞ ദിവസവും ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നു.

മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സഭ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരിന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിൽ നേരിട്ട് എത്തി കൂടിക്കാഴ്ച നടത്തി.

മത്സ്യ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരാൾ മന്ത്രിസഭയിൽ ഉണ്ടാകണമെന്ന ആവശ്യം നേതാക്കളെ അറിയിച്ചിരുന്നുവെന്നു കൂടിക്കാഴ്ചയ്ക്ക് സഭാ പ്രതിനിധിയായ യുജിൻ പെരേര വ്യക്തമാക്കി. തീരദേശ മേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആശങ്കയാണ് സഭ പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പല മന്ത്രിമാർക്കും കടൽ എന്താണെന്നും കടലിന്റെ ഒഴുക്ക് എന്താണെന്നും പോലും അറിയില്ല എന്നും അത്തരം വിഷയങ്ങൾ മനസിലാക്കുന്ന ഒരാളാണ് ആ വകുപ്പ് കൈകാര്യം ചെയ്യേണ്ടത് എന്നും യുജിൻ പെരേര പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി അന്തർനാടകങ്ങൾ നടന്നുവെന്നും, അതിൽ ലത്തീൻ സഭയുടെ ആവശ്യങ്ങൾ മറഞ്ഞുപോയെന്നും അദ്ദേഹം ആരോപിച്ചു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *