Breaking
Mon. May 25th, 2026

ഒരു കുഞ്ഞിനായി മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ്; കാറിനുള്ളില്‍ വെന്തുമരിച്ച ഗര്‍ഭിണിയുടെ മരണം തീരാനോവായി

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചത് നാടിന് തീരാനോവായി. ചെറുവണ്ണൂര്‍ കക്കറമുക്ക് സ്വദേശി രജിന്‍ലാലിന്റെ ഭാര്യ പൂവത്തുംചാലില്‍ സോന (27) ആണ് മരിച്ചത്. കാര്‍ ഓടിച്ച ഭര്‍ത്താവ് രജിന്‍ലാലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരാനിരിക്കുന്ന സന്തോഷത്തിലായിരുന്നു സോനയും രജിന്‍ ലാലും. എന്നാല്‍ ആ കാത്തിരിപ്പും സ്വപ്നങ്ങളും കണ്ണീരിലാഴ്ത്തി വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ കാര്‍ തീപിടിത്തം സോനയുടെ ജീവന്‍ കവരുകയായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന സോനയുടെ മരണം ഒരു നാടിനെ ഒട്ടാകെ വേദനയില്‍ ആഴ്ത്തിയിരിക്കുകയാണ്.

വിദേശത്ത് ജോലി ചെയ്തിരുന്ന ചെറുവണ്ണൂര്‍ സ്വദേശി രജിന്‍ ലാല്‍, ഭാര്യയുടെ പ്രസവകാലത് ഒപ്പം ഉണ്ടാകാന്‍ വേണ്ടി ഒരുമാസം മുന്‍പാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച സോനയുടെ സ്ഥിരം ചെക്കപ്പിനായി ഡോക്ടറെ കണ്ടു മടങ്ങുന്നതിനിടെയായിരുന്നു ദാരുണ അപകടം. കാറില്‍നിന്ന് പെട്ടെന്ന് തീയും പുകയും ഉയര്‍ന്നതോടെ പെട്ടെന്ന് വണ്ടി നിര്‍ത്തി രജിന്‍ ചാടിയിറങ്ങിയെങ്കിലും ദേഹത്ത് തീ പടര്‍ന്നു. ഈ സമയത്ത് സോന കാറിന്റെ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ സോനയെ പുറത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ തീ പടര്‍ന്നു. ദേഹത്ത് തീ പടര്‍ന്ന രജിന്‍ സമീപത്തെ തോട്ടിലേക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സോന ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഉള്ളില്‍ കുടുങ്ങുകയായിരുന്നു.

കാറില്‍നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തൊട്ടടുത്ത വയലില്‍നിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാര്‍ തീയണയ്ക്കാനും സോനയെ പുറത്തെടുക്കാനും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പേരാമ്പ്രയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തി സോനയെ പുറത്തെടുത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലേരി കുയിമ്പില്‍ കള്ളിക്കണ്ടി മീത്തല്‍ ശ്രീനിവാസന്‍, വസന്ത ദമ്പതികളുടെ മകളാണ് സോന. സഹോദരന്‍: സോനു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *