Breaking
Mon. May 25th, 2026

എഫ്‌സിആര്‍എ ബില്ലില്‍നിന്ന് പിന്‍മാറണം: കത്തോലിക്ക കോണ്‍ഗ്രസ്

ദ്വാരക: ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, സേവന, സംസ്‌കാരിക പരിപാടികളുടെ അടിവേര് അറുക്കുന്ന എഫ്‌സിആര്‍എ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള ശ്രമത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പഠന ക്യാമ്പ് ആവശ്യപ്പെട്ടു.

1976ലെ നിയമം 2010ല്‍ പരിഷ്‌കരിച്ചതാണ്. വിദേശ ഫണ്ടുകളുടെ വിനിമയം നിയമപരവും കാര്യക്ഷമവും സുതാര്യവുമായാണ് നടക്കുന്നത്. എന്നിരിക്കേ ന്യൂനപക്ഷങ്ങളുടെയും എന്‍ജിഒകളുടെയും പ്രവര്‍ത്തനം ശിഥിലമാക്കുന്നതിനുള്ള ആസൂത്രിത ശമമാണ് ബില്ലിനു പിന്നിലെന്ന് ക്യാമ്പ് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ സന്നദ്ധ സേവന പ്രവര്‍ത്തനം സജീവവും വിപുലവുമാണ്. രാജ്യത്തെ സന്നദ്ധ സേവന സംഘടനകള്‍ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജനം, പിന്നാക്ക-പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ ഉന്നമനം തുടങ്ങിയ മേഖലകളില്‍ സജീവമാണ്. ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസമില്ലാതെയാണ് ഇതെല്ലാം നിര്‍വഹിക്കുന്നത്. വിദേശ സാമ്പത്തിക സഹായത്തോടും തദ്ദേശ സാമ്പത്തിക സമാഹരണത്തിലൂടെയും തനത് ഫണ്ട് ഉപയോഗിച്ചുമാണ് സന്നദ്ധ പ്രവര്‍ത്തനം.

ന്യൂനപക്ഷങ്ങളെ തകര്‍ക്കാനും അവരുടെ ആസ്തികള്‍ പിടിച്ചെടുക്കാനുമുള്ള ഹിഡന്‍ അജന്‍ഡയോടു കൂടിയാണ് ബില്ല് കൊണ്ടുവരുന്നത്. ഭാഗിക വിദേശ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച സ്ഥാപനങ്ങളും ആരാധനാലയങ്ങളും പോലും പിടിച്ചെടുക്കാനുള്ള ബില്‍ വ്യവസ്ഥകള്‍ ആശങ്കാജനകമാണ്. വിദേശത്ത് ജോലി ചെയ്യുന്ന സന്യാസിനികള്‍ ശമ്പളം തങ്ങളുടെ സമൂഹത്തിന്റെ നിത്യച്ചെലവിന് അയയ്ക്കുന്നതുപോലും വിദേശ സംഭാവനയായി കണക്കാക്കുന്ന വ്യവസ്ഥകള്‍ സന്യാസസമൂഹത്തെ തകര്‍ക്കും. ഭരണഘടന അനുശാസിക്കുന്ന മതേതരത്വം, സോഷ്യലിസം എന്നീ മൂല്യങ്ങളെ ഹനിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.

ദ്വാരകയിലെ മാനന്തവാടി കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, സജി ഫിലിപ്പ്, റെനില്‍ കഴുതാടിയില്‍, അന്നക്കുട്ടി ഉണ്ണിക്കുന്നേല്‍, മോളി മാമൂട്ടില്‍, സാജു പുലിക്കോട്ടില്‍, റജിമോന്‍ പുന്നോലില്‍, തോമസ് പട്ടമന, റോബി താന്നിക്കുഴി, ജിജോ മംഗലത്ത്, അഡ്വ.ഗ്ലാഡിസ് ചെറിയാന്‍, ജില്‍സ് എം. മേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. റിട്ട.എഡിഎം അഗസ്റ്റിന്‍ മൂങ്ങനാനിയില്‍, അഡ്വ. ജിജില്‍, ഫാ.ബിജോ കറുകപ്പള്ളി, ജോസ് മാത്യു പുഞ്ചയില്‍, സെബാസ്റ്റ്യന്‍ പുരയ്ക്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

കത്തോലിക്ക് കോണ്‍ഗ്രസ് നാളെ(ഞായര്‍) രൂപതയില്‍ സമുദായ ദിനാഘോഷം നടത്തും. ഓരോ പളളിയിലും വിശുദ്ധ കുര്‍ബാനമധ്യേ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ ഇടയലേഖനം വായിക്കും. സമുദായ നേതാക്കള്‍ സമുദായദിന സന്ദേശം നല്‍കും. ദിവ്യബലിക്കുശേഷം കത്തോലിക്ക കോണ്‍ഗ്രസ് പതാക പള്ളികളില്‍ ഉയര്‍ത്തും. സമുദായ ശക്തീകരണ റാലി, സമുദായ നേതാക്കളയും സംസ്ഥാനതലത്തില്‍ അംഗീകാരം ലഭിച്ച വ്യക്തികളെയും ആദരിക്കല്‍, രക്തദാന സേന രൂപീകരണം-ഉദ്ഘാടനം, രക്തദാന സമ്മതപത്ര സ്വീകരണം എന്നിവ നടത്തും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *