2026 നവംബർ 26 വ്യാഴം
മംഗളൂരു ∙ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തുനിന്ന് കടത്തിയ 3.77 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു. രണ്ടു കേസുകളിലായി 4 കാസർകോട് സ്വദേശികളും ഒരു മംഗളൂരു സ്വദേശിയും അറസ്റ്റിൽ. അറസ്റ്റിലായവരിൽ രണ്ടുപേർ വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരാണ്. ദുബായിൽനിന്ന് കാസർകോട്ടേക്കു സ്വർണം കടത്തുന്നത് എളുപ്പമാക്കാൻ മംഗളൂരു വിമാനത്താവളത്തിൽ കാസർകോട്, മംഗളൂരു സ്വദേശികൾ താൽക്കാലിക ജീവനക്കാരായി പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന്റെ (ഡിആർഐ) മംഗളൂരു വിഭാഗം കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് 2 കോടി വിലവരുന്ന 1.65 കിലോഗ്രാം സ്വർണവുമായി 3 പേരെ അറസ്റ്റ് ചെയ്തത്.
വിദേശത്തു നിന്നെത്തിയ അജ്ഞാതൻ, ഇമിഗ്രേഷൻ കൗണ്ടറിന് സമീപമുള്ള ടോയ്ലറ്റിൽ ഒളിപ്പിച്ച സ്വർണം താൽക്കാലിക ജീവനക്കാരനായ മംഗളൂരു സ്വദേശി ശേഖരിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തതോടെ, കാസർകോട് സ്വദേശിയായ മറ്റൊരു ജീവനക്കാരനു നൽകി, വിമാനത്താവളത്തിൽനിന്ന് 2 കിലോമീറ്റർ അകലെ കാത്തുനിൽക്കുന്ന മറ്റൊരാൾക്കു കൈമാറുകയാണ് പദ്ധതി മനസ്സിലാക്കി. ഇതോടെ മറ്റു രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തിനു പുറത്തുനിന്നു പിടികൂടിയ കാസർകോട് സ്വദേശിയുടെ പക്കൽ നിന്ന് 73 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
