Breaking
Tue. Aug 25th, 2026

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

ചെന്നൈ: ഷാര്‍ജ-ചെന്നൈ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാര്‍ ഇന്ന് പുലര്‍ച്ചെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വിമാനം നീങ്ങുന്നതിനിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി. വിമാനം ലാന്‍ഡ് ചെയ്തശേഷം ടാക്സിവേയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് തമിഴ്നാട് സ്വദേശിയായ 34-കാരന്‍ പുറത്തേക്ക് ചാടിയത്.

യാത്രയ്ക്കിടയില്‍ ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും അനുഭപ്പെട്ട ഇയാള്‍ വിമാനം നിര്‍ത്തുന്നതിന് മുന്‍പ് പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരന്‍ പുറത്തേക്ക് ചാടിയ ഉടന്‍തന്നെ പൈലറ്റ് വിമാനം നിര്‍ത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ഇയാളെ പിടികൂടുകയും ചോദ്യംചെയ്യലിനായി പൊലീസിന് കൈമാറുകയും ചെയ്തു.

‘വിമാനം സാവധാനം നീങ്ങിക്കൊണ്ടിരിക്കെയാണ് അദ്ദേഹം പുറത്തേക്ക് ചാടിയത്. ആര്‍ക്കും ജീവഹാനിയോ വിമാനത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ല,’- ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. പ്രധാന റണ്‍വേയിലല്ല ഈ സംഭവം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ പുലര്‍ച്ചെ 03:23 മുതല്‍ 04:23 വരെ അടച്ചിട്ടു. ഈ സമയത്ത് വിമാനങ്ങള്‍ സെക്കന്‍ഡറി റണ്‍വേയിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

231 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരന്‍ പെട്ടെന്ന് വാതില്‍ തുറന്ന് പുറത്തേക്ക് ചാടിയത് വിമാനത്തിനുള്ളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വിമാനയാത്രയ്ക്കിടെ ഈ യാത്രക്കാരന്‍ അസ്വസ്ഥനായിരുന്നെന്നും രണ്ട് തവണ ഛര്‍ദ്ദിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശാരീരിക അസ്വസ്ഥതകള്‍ കാരണമാകാം ഇയാള്‍ ഇത്തരത്തിലുള്ള പ്രവൃത്തിക്ക് മുതിര്‍ന്നതെന്നാണ് വിലയിരുത്തല്‍.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *