വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങള്‍ക്ക് കാലതാമസം പാടില്ലെന്നും എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മുസ്ലിംലീഗ് പ്രതിനിധി സംഘം റവന്യൂ മന്ത്രി കെ.രാജനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.സർക്കാർ പദ്ധതികളുമായി മുസ്ലിംലീഗ് സഹകരിക്കും. അതോടൊപ്പം ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കണം. ദുരിതബാധിതർക്ക് ഏറെക്കാലം വാടക വീടുകളില്‍ കഴിയേണ്ട അവസ്ഥ ഉണ്ടാകരുത്. സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടും വീട് നിർമ്മാണത്തിന്റെ വിഷയങ്ങളും ചർച്ച ചെയ്തു. സർക്കാർ ഒന്നിലധികം ഭൂമി കണ്ടെത്തിയുണ്ടെങ്കിലും മേപ്പാടിയിലുള്ള എച്ച്.എം.എലിന്റെ ഭാഗമായ നെടുമ്ബാല എസ്റ്റേറ്റിന് പ്രഥമ പരിഗണന നല്‍കണമെന്നും കാലതാമസം കൂടാതെ സ്ഥലമേറ്റെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സർക്കാർ ഏറ്റെടുക്കുന്ന ഭൂമിയില്‍ സന്നദ്ധപ്രവർത്തകരുമായി കൂടിയാലോചിച്ച് വീട് നിർമ്മാണത്തിന് പ്രത്യേക സ്ഥലം ഏർപ്പെടുത്തി മറ്റ് അനുബന്ധ നിർമ്മാണങ്ങള്‍ക്ക് സർക്കാർ നേതൃത്വം നല്‍കണമെന്നും മന്ത്രിയുമായുള്ള ചർച്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
