Breaking
Sat. Jul 11th, 2026

‘ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണം’, മെഡിക്കല്‍ കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭര്‍ത്താവ്; അറസ്റ്റ്

കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കണ്ണൂരിലെ പരിയാരം ഗവ.മെഡിക്കല്‍ കോളജിലാണ് സംഭവം. ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ലേബര്‍ റൂം അടിച്ചു തകര്‍ത്തു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളജ് പൊലീസും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദ് (24) ആണ് ആക്രമം നടത്തിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ലേബര്‍റൂമില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളം വെച്ചത്.

നഴ്സിംഗ് ഓഫീസറെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

മെഡിക്കല്‍ കോളജ് അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പൊലീസ് സ്റ്റേഷനില്‍ നിന്നുമെത്തിയ പൊലീസുകാരും മെഡിക്കല്‍ കോളജ് സുരക്ഷാ വിഭാഗം ജീവനക്കാരും ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

അക്രമം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആശുപത്രിയില്‍ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി. നഴ്സിംഗ് ഓഫീസറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് റാഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുന്നതും ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതും സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ ഹോസ്പിറ്റല്‍ ആക്ടുപ്രകാരം ജാമ്യമില്ലാത്ത കുറ്റമാണെന്ന് പരിയാരം പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളജിന്റെ ഗ്‌ളാസ് ചേംബറിന്റെ ചില്ല് തകര്‍ക്കുന്നതിനിടെ യുവാവിന്റെ കൈപ്പത്തി മുറിഞ്ഞിട്ടുണ്ട്. പ്രകോപിതനായ യുവാവിന്റെ ബലപ്രയോഗത്തിലൂടെയാണ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും കീഴടക്കിയത്.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *