Breaking
Sat. Nov 14th, 2026

കടലും കണ്ടു, ട്രെയിനിലും കയറി; ചെട്ട്യാലത്തൂരിലെ കുട്ടികൾക്ക് മറക്കാനാവാത്ത യാത്ര

  • ഉല്ലാസയാത്രയൊരുക്കി വയനാട് ജനമൈത്രി പോലീസ്

കൽപ്പറ്റ: കാനനമധ്യത്തിലെ ഉന്നതികളിൽ കഴിയുന്ന കുട്ടികൾക്ക് ആദ്യമായി കടൽക്കാഴ്ചകളും ട്രെയിൻ യാത്രയും സമ്മാനിച്ച് വയനാട് ജനമൈത്രി പോലീസ്. ചെട്ട്യാലത്തൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്കായി കോഴിക്കോട് സംഘടിപ്പിച്ച ഏകദിന ഉല്ലാസയാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.

ആദ്യമായി പോലീസ് വാഹനത്തിൽ യാത്ര, ചുരത്തിലെ മനോഹര കാഴ്ചകൾ, ട്രെയിനിലെ കൗതുകയാത്ര, കടൽക്കാറ്റേറ്റ് ബേപ്പൂർ ബീച്ചിലെ ഉല്ലാസം, പ്ലാനിറ്റോറിയത്തിലെ വിസ്മയക്കാഴ്ചകൾ… അങ്ങനെ ഒരു ദിനം മുഴുവൻ ആഘോഷമാക്കുകയായിരുന്നു കുട്ടികൾ. പോലീസുകാർക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും യാത്രയിലുടനീളം കുട്ടികൾ ആർത്തുല്ലസിച്ചു.

പുറംലോകത്തെ കാഴ്ചകൾ പരിചയപ്പെടുന്നതിനൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി ഇടപഴകാനും കുട്ടികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഠനയാത്ര സംഘടിപ്പിച്ചത്. അധ്യാപകർ, സ്കൂൾ ജീവനക്കാർ, പി.ടി.എ ഭാരവാഹികൾ എന്നിവരും പോലീസിനൊപ്പം യാത്രയിൽ പങ്കുചേർന്നു.

രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടികൾക്ക് റെയിൽവേ പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ഡാനി സ്റ്റേഷനിലെ പ്രവർത്തനങ്ങളും കാഴ്ചകളും പരിചയപ്പെടുത്തി. ട്രെയിൻ യാത്രയ്ക്കിടെ ലോക്കോ പൈലറ്റ് സുബിൻ ജോസഫ് കുട്ടികളുമായി വിശേഷങ്ങൾ പങ്കുവെക്കുകയും മധുര പലഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.

ബിരിയാണി ഉൾപ്പെടെയുള്ള ഇഷ്ടഭക്ഷണങ്ങൾ ആസ്വദിച്ച കുട്ടികൾ ബേപ്പൂർ ബീച്ചിലെ കടൽക്കാഴ്ചകളിലും മതിമറന്നു. തുടർന്ന് കോഴിക്കോട് പോലീസ് കൺട്രോൾ റൂമിൽ എത്തിയ കുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ സ്വീകരിച്ചു. അഡീഷണൽ എസ്.പി കുട്ടികളുമായി സംവദിക്കുകയും പോലീസ് മ്യൂസിയം സന്ദർശിക്കുകയും മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു. പ്ലാനിറ്റോറിയത്തിലെ കാഴ്ചകളും 3D തിയേറ്ററിലെ വിസ്മയാനുഭവങ്ങളും ആസ്വദിച്ച ശേഷമാണ് കുട്ടികൾ മടങ്ങിയത്.

പോലീസിന്റെ കരുതലും സ്നേഹവും ചേർന്ന ഈ യാത്ര കുട്ടികൾക്ക് പുതിയ കാഴ്ചകളും അനുഭവങ്ങളും മാത്രമല്ല, ജീവിതത്തിൽ എന്നും ഓർത്തുവെക്കാവുന്ന മനോഹരമായ ഓർമ്മകളും സമ്മാനിച്ചു.

ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ എൻ.കെ ദാമോദരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.കമറുദ്ധീൻ, ബി.പ്രശാന്ത്, ശ്രീജിത്ത്‌, സിവിൽ പോലീസ് ഓഫീസർമാരായ സിയാദ് സൽമാൻ, സി.എം ആതിര, സ്കൂൾ പ്രധാന അധ്യാപകനായ പി.ബിജു, അധ്യാപകരായ മിഥുല ജോണി, ജെയിൻ ബേബി, പിടിഎ പ്രസിഡണ്ട് സുരേഷ്, സ്കൂൾ ജീവനക്കാരായ ജിസ്റ്റി കെ. ജോർജ്, ഗീത എന്നിവർ പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *