Breaking
Sat. Nov 14th, 2026

മൗണ്ടൻ ഇക്കോളജി കോൺഗ്രസ് 2026: സംഘാടക സമിതി രൂപീകരിച്ചു

വയനാട്ടിൽ നടക്കുന്ന ഇന്ത്യയിലെ ആദ്യ മൗണ്ടൻ ഇക്കോളജി കോൺഗ്രസിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
കൽപ്പറ്റ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലനിരകളുടെ പരിസ്ഥിതി, സംസ്കാരം, ഉപജീവനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിനായി വയനാട്ടിൽ സംഘടിപ്പിക്കുന്ന പ്രൊസെഷ്വൽ മൗണ്ടൻസ് – മൗണ്ടൻ ഇക്കോളജി കോൺഗ്രസ് 2026-ന്റെ സംഘാടക സമിതി രൂപീകരിച്ചു. ഡിസംബർ 10 മുതൽ 12 വരെ പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല ക്യാമ്പസിൽ നടക്കുന്ന കോൺഗ്രസിന്റെ മുന്നോടിയായാണ് വിവിധ മേഖലകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചത്.
കൺവീനർമാരായി ഡോ. സി. ലത ( ഡയറക്ടർ ഓഫ് അക്കാദമിക്സ് ആൻഡ് റിസർച്ച്, KVASU), സുമ ടി.ആർ. (പ്രോഗ്രാം ഡയറക്ടർ, ഹ്യൂം സെന്റർ) എന്നിവരെയും വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജനെ സംഘാടക സമിതി ചെയർമാനായും കേരള ബാങ്ക് ഡയറക്ടർ വൈസ് ചെയർമാനായും വയനാട്ടിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖ് വയനാട് എം.പി. പ്രിയങ്ക ഗാന്ധി വാദ്ര, എം.എൽ.എമാരായ ഉഷ വിജയൻ, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈത്തിരി ഡിവിഷൻ അംഗം എം.വി. വിജേഷ് എന്നിവരെ കോൺഗ്രസിന്റെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, പരിസ്ഥിതി-സാമൂഹിക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ലൈബ്രറി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് സംഘാടക സമിതി രൂപീകരിച്ചത്. പരിപാടിയുടെ പ്രചാരണം, സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ, പൊതുജന പങ്കാളിത്തം തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മുന്നോട്ടുകൊണ്ടുപോകും.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ വെറ്റിനറി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ രതീഷ് ആർ.എൽ. സ്വാഗതം പറഞ്ഞു. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല ഡീൻ സാനിസ് ജൂലിയറ്റ് അധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റർ ഡയറക്ടർ കെ. വിഷ്ണുദാസ് കോൺഗ്രസിന്റെ ലക്ഷ്യങ്ങളും പരിപാടികളുടെ വിശദാംശങ്ങളും അവതരിപ്പിച്ചു. ഹ്യൂം സെന്ററിലെ പ്രസാദ് നന്ദി രേഖപ്പെടുത്തി.

മലനിരകളുടെ അറിവും അനുഭവങ്ങളും പങ്കുവെക്കാൻ ആഗോള വേദി
‘മലനിരകളിലെ ജീവിതത്തെയും ഉപജീവനത്തെയും പുനർവിചിന്തനം ചെയ്യുക’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യവും ആവാസവ്യവസ്ഥകളും, സംസ്കാരവും തദ്ദേശീയ അറിവുകളും, ഉപജീവനവും സമ്പദ്‌വ്യവസ്ഥയും, കൃഷി, ദുരന്തങ്ങളും അതിജീവനശേഷിയും, വിനോദസഞ്ചാരം, ജലം തുടങ്ങിയ വിഷയങ്ങളാണ് കോൺഗ്രസിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ശാസ്ത്രജ്ഞർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ, മലയോര സമൂഹങ്ങൾ, തദ്ദേശീയ അറിവിന്റെ ഉടമകൾ, യുവജനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് വിവിധ മലനിരകൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുകയും സുസ്ഥിര വികസനത്തിനുള്ള സാധ്യതകൾ കണ്ടെത്തുകയുമാണ് കോൺഗ്രസിന്റെ ലക്ഷ്യം.
അക്കാദമിക ചർച്ചകൾക്കും പ്രബന്ധാവതരണങ്ങൾക്കും പുറമെ മലനിരകളുടെ സാംസ്കാരിക പാരമ്പര്യവും ജീവിതരീതികളും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പരിപാടികളും കോൺഗ്രസിന്റെ ഭാഗമായി നടക്കും. ‘ഡ്സുംസ’ എന്ന പേരിൽ അക്കാദമിക സെഷനുകളും ‘ഗവാരി’ എന്ന പേരിൽ മലനിരകളിലെ കലാരൂപങ്ങൾ, സംഗീതം, ആചാരങ്ങൾ എന്നിവ കോർത്തിണക്കിയ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
പങ്കാളികൾക്ക് മലനിരകളുടെ ജൈവവൈവിധ്യം, വനങ്ങൾ, ജലസ്രോതസ്സുകൾ, പരിസ്ഥിതിബന്ധങ്ങൾ എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനായി ‘മൊറുങ്’ എന്ന പേരിൽ അനുഭവാധിഷ്ഠിത പഠനപരിപാടികളും ഒരുക്കും. കർഷകർ, കരകൗശല വിദഗ്ധർ, ഉൽപ്പാദകർ, മലയോര സമൂഹങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്കും അറിവുകൾക്കും ഇടം നൽകുന്ന ‘ഹാത്’ വിപണിയും ഇതിന്റെ ഭാഗമായുണ്ടാകും. വയനാടിന്റെ വിവിധ മലനിരകളിലൂടെയുള്ള ഗൈഡഡ് ട്രെക്കിങ്, പ്രകൃതി നിരീക്ഷണം തുടങ്ങിയവ ഉൾപ്പെടുന്ന ‘ബായി’ പരിപാടിയും സംഘടിപ്പിക്കും.
ഹിമാലയം.ആരവല്ലി,വിന്ധ്യ-സത്പുര,നോർത്ത് ഈസ്റ്റ്, പശ്ചിമഘട്ടം,കസാക്കിസ്ഥാൻ ,കിർഗിസ്ഥാൻ തുടങ്ങിയ മലനിരകളെ കേന്ദ്രീകരിച്ചു കൊണ്ട് വിവിധ ആളുകൾ പങ്കെടുക്കുന്നുണ്ട്. ഒപ്പം തന്നെ ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, മലയോര സമൂഹങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 500 പ്രതിനിധികൾ കോൺഗ്രസിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ആയിരത്തിലധികം പൊതുജനങ്ങൾ സന്ദർശകരായും എത്തും. ഡിസംബർ 11-ന് അന്താരാഷ്ട്ര പർവത ദിനാചരണവും കോൺഗ്രസിന്റെ ഭാഗമായി നടക്കും.പശ്ചിമഘട്ടത്തിന്റെ ഭാഗമായ വയനാടിന്റെ പാരിസ്ഥിതിക സവിശേഷതകളും തദ്ദേശീയ സമൂഹങ്ങളുടെ അറിവുകളും ആഗോളതലത്തിലുള്ള മലനിരകളുടെ അനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ കൂട്ടായ്മ, മലനിരകളുടെ സംരക്ഷണത്തിനും സുസ്ഥിരമായ ഭാവിക്കുമായി വിവിധ മേഖലകളിലെ ആളുകളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു വേദിയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *