Breaking
Sat. Oct 31st, 2026

കിഫ്ബിയുടെ പ്രവർത്തികൾ ലഭിച്ചത് ഓപ്പൺ ടെണ്ടറിലൂടെ; എല്ലാ നടപടികളും സുതാര്യം: എസ്ഐടി അന്വേഷണത്തിൽ പ്രതികരണവുമായി ഊരാളുങ്കൽ

2026 ഒക്ടോബർ 31 ശനി

തിരുവനന്തപുരം: കിഫ്ബി ക്രമക്കേടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരണവുമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. കിഫ്ബിയുടെ പ്രവർത്തികൾ ലഭിച്ചത് ഓപ്പൺ ടെണ്ടറിലൂടെയാണെന്നും എല്ലാ നടപടിയും സുതാര്യമാണെന്നും ഊരാളുങ്കൽ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. പോസ്റ്റിന്റെ പൂർണരൂപം കിഫ്ബി വഴി 6000 കോടി രൂപയുടെ പദ്ധതികൾ ഊരാളുങ്കൽ സൊസൈറ്റിക്കു നൽകി എന്നും അതിലേക്കു വിജിലൻസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഒരു പത്രത്തിൽ വന്ന വാർത്ത വന്നിരിക്കുന്നു. കിഫ്ബിയുടെ പ്രവൃത്തികൾ ഓപ്പൺ ടെൻഡർ വഴി മാത്രമേ സൊസൈറ്റിക്കു ലഭിച്ചിട്ടുള്ളൂ. കർക്കശ വ്യവസ്ഥകളുള്ള കിഫ്ബിയുടെ ടെൻഡർ നടപടികൾ കൃത്യമായി പാലിച്ചതുകൊണ്ടും ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതുകൊണ്ടുമാണ് സൊസൈറ്റിക്ക് പ്രവൃത്തികൾ ലഭിച്ചത്.

ഏറ്റെടുത്ത പ്രവൃത്തികൾ കിഫ്ബിയുടെ കർക്കശവ്യവസ്ഥകളും ഉയർന്ന ഗുണമേന്മയും പാലിച്ചുകൊണ്ടാണ് സൊസൈറ്റി നിർവ്വഹിച്ചിട്ടുള്ളത്. പ്രവൃത്തികളുമായി ബന്ധപ്പെട്ട ടെൻഡർ മുതലുള്ള മുഴുവൻ കാര്യങ്ങളും സുതാര്യമാണ്. ഇപ്പോഴത്തെ രാഷട്രീയാരോപണത്തിനു മുമ്പ് ഇന്നുവരെ ഈ പ്രവൃത്തികൾ സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടുമില്ല. അതിനാൽ, ദുരൂഹത സൃഷ്ടിച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉന്നയിച്ചും ഊരാളുങ്കൽ സൊസൈറ്റിനെതിരെ വാർത്ത നല്കരുതെന്ന് മുഴുവൻ മാദ്ധ്യമങ്ങളോടും സവിനയം അഭ്യർത്ഥിക്കുന്നു. 18000 കുടുംബങ്ങളുടെ അത്താണിയും നൂറു വർഷത്തെ കളങ്കരഹിതമായ പ്രവർത്തനപാരമ്പര്യം ഉള്ളതും സംസ്ഥാനത്തെ നാലാമത്തെ തൊഴിൽദാതാവുമായ സൊസൈറ്റിയെ തളർത്തുന്ന നടപടികൾക്ക് സാമൂഹികോത്തരവാദിത്വമുള്ള ആരും മുതിരരുതെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു: ഊരാളുകൾ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

കിഫ്ബി ക്രമക്കേടിന്റെ അന്വേഷണം ഊരാളുങ്കലിലേക്ക് കൂടി എത്തിയതോടെയാണ് വിശദീകരണം. കിഫ്ബി വഴി ഊരാളുങ്കലിന് ലഭിച്ച 6000 കോടി രൂപയുടെ പദ്ധതികളെക്കുറിച്ച് അന്വേഷണം നടത്താനാണ് സർക്കാറിന്റെ തീരുമാനം. ടെന്‍ഡർ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പല പദ്ധതികളും ഊരാളുങ്കലിന് നൽകിയെന്ന് ആരോപണമുയർന്നിരുന്നു. തുടർന്നാണ് എസ്ഐടിയെ രൂപീകരിച്ചത്. ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *