2026 ഒക്ടോബർ 30 വെള്ളി
പനജി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ‘റഫാല്‍ മറൈന്‍’ യുദ്ധവിമാനം ആദ്യ ശ്രമത്തില്‍ തന്നെ വിജയകരമായി ലാന്‍ഡ് ചെയ്തു. ഗോവയില്‍ നടന്ന ആദ്യ പരീക്ഷണപ്പറക്കലിലാണ് നാവികസേന നിര്‍ണായകമായ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളുടെ ഭാഗമായാണ് ഈ ലാന്‍ഡിങ് നടന്നതെന്ന് നാവികസേന അറിയിച്ചു. നേരത്തെ ഗോവയില്‍ വെച്ച് ഇന്ത്യന്‍ നാവികസേന റഫാല്‍ മറൈന്‍ യുദ്ധവിമാനങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിമാനത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്കായാണ് ഈ പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വ്യക്തമാക്കി. നാവികസേനയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായി ഐഎന്‍എസ് വിക്രാന്തിലെ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ഈ പരീക്ഷണം. ഐഎന്‍എസ് വിക്രാന്തില്‍ റഫാല്‍ മറൈന്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഐഎന്‍എസ് വിക്രാന്തിനും റഫാല്‍ മറൈനും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വിന്യാസത്തിന് സജ്ജമാക്കുന്നതിനുമായാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തുക. നാവികസേനയ്ക്കായി 26 റഫാല്‍ മറൈന്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യ ഫ്രാന്‍സുമായി 63,000 കോടിയുടെ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
ഇതില്‍ 22 സിംഗിള്‍ സീറ്റര്‍ പോര്‍വിമാനങ്ങളും 4 ട്വിന്‍ സീറ്റര്‍ പരിശീലന വിമാനങ്ങളുമാണ് ഉള്‍പ്പെടുന്നത്. 2025 ഏപ്രില്‍ 28നാണ് കരാര്‍ ഒപ്പിട്ടത്, 2030-ഓടെ വിമാനങ്ങളുടെ വിതരണം പൂര്‍ത്തിയാകും. ഇതിനായി ഇന്ത്യയിലെയും ഫ്രാന്‍സിലെയും നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. നിലവില്‍ ഫ്രഞ്ച് നാവികസേന മാത്രം ഉപയോഗിക്കുന്ന റഫാല്‍ മറൈന്‍ വിമാനങ്ങള്‍ കടലിലും കരയിലുമുള്ള ആക്രമണങ്ങള്‍ക്കും വ്യോമ പ്രതിരോധത്തിനും നാവികസേനയ്ക്ക് വലിയ കരുത്ത് പകരും.
