2026 ഒക്ടോബർ 16 വെള്ളി
കൊച്ചി: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ നടപടി. മുന് കായിക മന്ത്രി വി അബ്ദുറഹിമാനെതിരായ വിജിലൻസ് അന്വേഷണത്തിന് സര്ക്കാര് ഗവർണ്ണരുടെ അനുമതി തേടി. ഫയൽ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി. മുൻ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലനും സ്പോർട്സ് കൗണ്സിൽ മുൻ പ്രസിഡൻ്റ് യു ഷറഫലിക്കുമെതിരെയും അന്വേഷണം നടത്തും. രണ്ട് പേർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മുൻമന്ത്രിയെന്ന നിലയിലാണ് വി അബ്ദുറഹിമാനെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടുന്നത്. അന്വേഷണത്തിൽ മെല്ലെ പോക്ക് എന്ന ആക്ഷേപത്തിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. ഒത്തുകളി ആക്ഷേപം വരെ ഉയർന്നിരുന്നു.
സ്വകാര്യ കമ്പനിക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഇതുവഴി അബ്ദുറഹ്മാൻ മറ്റ് നേട്ടങ്ങള് എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ എന്നതിൽ വിശദമായ അന്വേഷണം വേണമെന്നും എസ്ഐടി ശുപാര്ശ ചെയ്തിട്ടുണ്ട്. സ്വകാര്യ കമ്പമ്പനിക്ക് കൊള്ള ലാഭം ഉണ്ടാക്കുന്നതിന് വേണ്ടി വഴിവിട്ട് ഉത്തരവുകള് ഇറക്കിയെന്നതാണ് പ്രൈവറ്റ് സെക്രട്ടറി സി സത്യപാലനെതിരെയുള്ള കുറ്റം. വകുപ്പ് സെക്രട്ടറി അറിയാതെ സത്യപാലൻ ഫയല് കൈകാര്യം ചെയ്യുകയും സര്ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്നും അന്വേഷണത്തിൽ തെളിഞ്ഞു. സര്ക്കാര് അനുമതി ഇല്ലാതെ സ്വകാര്യ കമ്പനിയും അര്ജന്റീന ഫുട്ബോള് അസോസിയേഷനുമായുള്ള കരാറില് സാക്ഷിയായി ഒപ്പിട്ടതാണ് യു ഷറഫലിക്കെതിരെയുള്ള കുറ്റം.
പൊതുമേഖലാ സ്ഥാപനങ്ങളായ സ്പോര്ട്സ് കേരള ഫൗണ്ടേഷൻ, ജിസിഡിഎ എന്നിവയിലെ ഉദ്യോഗസ്ഥരും ഇടപാടിൽ പങ്കാളിയാണെങ്കിലും നിലവിൽ പ്രതി ചേര്ത്തിട്ടില്ല. മുകളില് നിന്നുള്ള ഉത്തരവ് ഇവര് അനുസരിക്കുകയായിരുന്നു എന്നാണ് നിലവിലെ നിഗമനം. എന്നാല് വിശദമായ അന്വേഷണത്തിൽ ഗബഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാല് ഇവരെയും പ്രതി ചേര്ക്കാനാണ് തീരുമാനം.
