Breaking
Fri. Oct 16th, 2026

നവംബർ മൂന്നാംതീയതി മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് സമരം

2026 ഒക്ടോബർ 16 വെള്ളി

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ നവംബർ മൂന്നാം തീയതി മുതൽ അനിശ്ചിതകാലസമരത്തിലേക്ക്. ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ്സുകൾ സർവീസ് ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം തകർന്നടിഞ്ഞിരിക്കുകയാണെന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ സംയുക്ത സമരസമിതി ആരോപിച്ചു.

പ്രിയദർശിനിമൂലം സ്വകാര്യബസ്സുകളുടെ പ്രയാസങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് സർക്കാരിന് ലഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്ക് പോലും സംസ്ഥാനസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ധനാഢ്യർ നൽകുന്ന ബസ്സുകളും കോപ്പറേറ്റീവ് സൊസൈറ്റികൾ നൽകുന്ന ബസ്സുകളും എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഇറക്കുന്ന ബസ്സുകളും ഉൾപ്പെടെ കെഎസ്ആർടിസിയുടെ പുതിയ സൗജന്യ ബസ്സുകളും സർവീസ് നടത്താൻ തയ്യാറായി നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള സ്വകാര്യ ബസ്സുകളെയെങ്കിലും നിലനിർത്തുന്ന തരത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് സമിതി അഭ്യർഥിച്ചു.

സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസ്സുകളിൽ കൂടി നടപ്പിലാക്കി തത്തുല്യമായ തുക ഉടമകൾക്ക് സർക്കാർ നൽകുക, 15 വർഷമായി തുടരുന്ന വിദ്യാർഥികളുടെ യാത്രാനിരക്ക് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർധിപ്പിക്കുക, നാലര വർഷങ്ങൾക്ക് മുൻപ് നിശ്ചയിച്ച ബസ് യാത്രാ നിരക്ക് വർധിപ്പിക്കുക, ഡീസൽ വിലയിൽ സർക്കാരിനു ലഭിക്കുന്ന നികുതി സ്വകാര്യ ബസ്സുകൾക്ക് ഒഴിവാക്കി കൊടുക്കുക, ടൈമിങ് കോൺഫറൻസുകൾ ഓൺലൈനിൽ നടത്തുവാനുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കുക, ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നിർത്തലാക്കുക, ഗ്രാമ വണ്ടികൾ സ്വകാര്യ ബസ്സുകൾ സർവീസ് നടത്താത്ത റൂട്ടുകളിലേക്ക് മാത്രമാക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിച്ചിട്ടുള്ളത്.

കൂടാതെ, പദ്മകുമാർ കമ്മിഷൻ ശുപാർശകളായ ബസ്സുകളുടെ പ്രായപരിധി വർദ്ധിപ്പിക്കുക, ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കുക, സ്വകാര്യ ബസ് വ്യവസായമായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളിലും ഉടനടി തീരുമാനമെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മേൽപ്പറഞ്ഞ കാര്യങ്ങളിൽ അടിയന്തരമായി തീരുമാനം ഉണ്ടാകാത്ത പക്ഷം സംസ്ഥാനത്ത് സ്വകാര്യബസ്സുകൾ നവംബർ മൂന്നാംതീയതി മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കുവാൻ എറണാകുളത്ത് വെച്ച് ചേർന്ന സംയുക്ത സമിതി യോഗം തീരുമാനിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *