കൊച്ചി: തന്റെ വീട്ടിലെ കാലിത്തൊഴുത്തില്‍ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ കണ്ണെത്താന്‍ അധികനേരം വേണ്ടി വന്നില്ല. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്റെ മനസ് തിരിച്ചറിഞ്ഞയാള്‍ എന്ന് അറിയപ്പെടുന്ന ശശീന്ദ്രന്‍ ആ ബാലന്റെ കൈപിടിച്ച് വയനാടന്‍ ചുരമിറങ്ങി. സഹായം തേടി നടന്‍ മമ്മൂട്ടിയുടെ അരികിലേക്ക് ആയിരുന്നു ആ യാത്ര.
മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരം കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സൗജന്യമായി നടത്തി. ഹൃദയ ധമനിയിലെ സുഷിരം മൂലം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന ബിക്രം കഴിഞ്ഞ ദിവസം നിറഞ്ഞ ചിരിയോടെ ആശുപത്രി വിട്ടു.
പിതാവ് ദല്ലോ സൗദിനൊപ്പം മൂന്ന് വര്‍ഷം മുമ്പാണ് ബിക്രവും കുടുംബവും വയനാട്ടില്‍ എത്തിയത്. ശശീന്ദ്രന്റെ ഫാമിലായിരുന്നു തുടക്കത്തില്‍ ദല്ലോ സൗദിന് ജോലി. കുടുംബത്തിന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ് സികെ ശശീന്ദ്രന്‍ ബിക്രമിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയുന്നത്. വോളിബോള്‍ നന്നായി കളിക്കുമെങ്കിലും, കടുത്ത ശ്വാസതടസ്സം കാരണം എട്ടാം ക്ലാസ്സില്‍ വച്ച് ബിക്രമിന് പഠനം നിര്‍ത്തേണ്ടി വന്നു. അവന്റെയും കുടുംബത്തിന്റെയും ഹൃദയവേദനയറിഞ്ഞ സി കെ ശശീന്ദ്രന്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ബന്ധപ്പെട്ടു. അവിടെ നടത്തിയ പരിശോധനയില്‍ ബിക്രമിന് ‘പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ്” എന്ന ജന്മനാലുളള ഹൃദയവൈകല്യവും ശ്വാസകോശ ധമനിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കണ്ടെത്തി.
മരുന്നുകള്‍ നല്‍കി സ്ഥിതി നിയന്ത്രിച്ചെങ്കിലും പൂര്‍ണപരിഹാരം ആയിരുന്നില്ല. ഇതിനിടെ ശ്വാസംമുട്ടല്‍ രൂക്ഷമായി. പിതാവ് ദല്ലോ സഹായം അഭ്യര്‍ത്ഥിച്ച് സികെ ശശീന്ദ്രനെ ഫോണില്‍ വിളിച്ചു. വയനാട്ടുകാരനായ നടന്‍ അബു സലിം വഴി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയറിനെക്കുറിച്ചറിഞ്ഞ ശശീന്ദ്രന്‍ മമ്മൂട്ടിയുമായി സംസാരിച്ചു. തുടര്‍ന്ന് മമ്മൂട്ടി, ശശീന്ദ്രനെ എത്രയും പെട്ടെന്ന് തിരിച്ചു ബന്ധപ്പെടാനും കുട്ടിയുടെ ചികിത്സ പൂര്‍ണമായും സൗജന്യമായി നടത്തിക്കൊടുക്കാനും കെയര്‍ ആന്റ് ഷെയര്‍ ഭാരവാഹികളോട് നിര്‍ദേശിച്ചു. അങ്ങനെയാണ് രാജഗിരി ആശുപത്രിയില്‍ ബിക്രമിന്റെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്.
ആശുപത്രിയില്‍ എത്തിയ ബിക്രവും പിതാവും പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. മുസ്തഫ ജനീലിനെ കണ്ടു. ശ്വാസകോശ ധമനിയിലെ ഉയര്‍ന്ന രക്തസമ്മര്‍ദം ശസ്ത്രക്രിയക്ക് വെല്ലുവിളി ആയിരുന്നു. തുടര്‍ന്ന് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. എസ് വെങ്കിടേശ്വരന്‍ കത്തീറ്റര്‍ കടത്തിയുളള താക്കോല്‍ദ്വാര മാര്‍ഗം അവലംബിച്ച് ധമനിയിലെ സുഷിരം സുരക്ഷിതമായി അടച്ചു. സങ്കീര്‍ണമായ ചികിത്സയില്‍ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. പ്രീതി കാഥല്‍, പീഡിയാട്രിക് കാര്‍ഡിയാക് അനസ്‌തേഷ്യോളജി കണ്‍സള്‍ട്ടന്റ് ഡോ.ബിജിന ഭരതന്‍ കെ എന്നിവര്‍ പങ്കാളികളായി.
കുട്ടികളില്‍ ജന്മനാ ഉണ്ടാകാനിടയുള്ള ‘പേറ്റന്റ് ഡക്റ്റസ് ആര്‍ട്ടീരിയോസസ്’ എന്ന ഹൃദയതകരാറാണ് ഡോക്ടര്‍മാര്‍ വിജയകരമായി ഭേദമാക്കിയത്. ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ ബിക്രമിനെ തിരികെ വയനാട്ടിലേക്ക് കൂട്ടാന്‍ സികെ ശശീന്ദ്രനും എത്തിയിരുന്നു. ഒരു മാസത്തിന് ശേഷം വീണ്ടും പരിശോധന നടത്തും. പഠിക്കാനും വോളിബോളില്‍ ലോകമറിയാനുമുളള സ്വപ്നം വീണ്ടും കാണുകയാണ് ബിക്രം.
