Breaking
Sat. Oct 3rd, 2026

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

തിരുവനന്തപുരം: കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ അജിനെതിരായ കൈക്കൂലി ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് പരാതിക്കാരന്‍ സഞ്ജു. 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചു വിറ്റുവെന്ന് സിപിഐഎം നേതാവ് അജിന്‍ പറയുന്ന വിഡിയോ ആണ് സഞ്ജു പുറത്തുവിട്ടത്.

കോര്‍പറേഷന് അനുകൂലമായി കോടതി വിധിച്ച സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിപ്പിച്ചു നല്‍കി വിറ്റെന്നും ഇതിന് ആവശ്യമായ സഹായം നല്‍കിയെന്നും അജിന്‍ പറയുന്ന ദൃശ്യങ്ങള്‍ ആണ് സഞ്ജു പുറത്തുവിട്ടത്. താന്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ സര്‍ക്കാരിന്റെ സ്ഥലം സര്‍ക്കാര്‍ കൊണ്ട് പോയേനെ എന്നും അജിന്‍ പറയുന്നത് ദൃശ്യങ്ങളിലുണ്ട്.

പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു സഞ്ജുവിന്റെ ആരോപണം. പണം നല്‍കിയില്ലെങ്കില്‍ ഭൂമിയില്‍ കൊടി കുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയും ഉന്നയിച്ചു. ആരോപണങ്ങള്‍ ഉന്നയിച്ച് സഞ്ജു പുറത്തുവിട്ട വീഡിയോ എഐ നിര്‍മിതമാണെന്നായിരുന്നു കൗണ്‍സിലര്‍ അജിന്റെ വാദം. തിരുമല മേഖലയില്‍ ഭൂമാഫിയയുടെ ഇടപെടലാണ് ആരോപണത്തിന് പിന്നിലെന്നാണ് കൗണ്‍സിലര്‍ അജിന്റെ വാദം. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി കച്ചവടം നടത്താനുള്ള ശ്രമം തടഞ്ഞതിന്റെ പ്രതികാരമാണ് പരാതിയെന്നും കൗണ്‍സിലര്‍ ആരോപിക്കുന്നു.

എന്നാല്‍, ആരോപണം ഉന്നയിച്ച സഞ്ജു പിന്നോട്ട് പോയില്ല. വീഡിയോ തന്റെ ഫോണിന്റെ ക്യാമറയില്‍ പകര്‍ത്തിയതാണെന്ന് അവകാശപ്പെട്ട്, ഫോണ്‍ ഗാലറിയില്‍ നിന്ന് ദൃശ്യം നേരിട്ട് കാണിച്ചു. വീഡിയോ വ്യാജമാണെന്ന വാദം തള്ളി തെളിവുമായാണ് പരാതിക്കാരന്റെ മറുപടി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *