Breaking
Tue. May 26th, 2026

ലാത്തിവീശിയതിൽ മുൻവൈരാഗ്യം; പൊലീസുകാരന് എസ്എഫ്ഐക്കാരുടെ ക്രൂരമർദനം

തിരുവനന്തപുരം∙ മുൻവൈരാഗ്യത്തിന്റെ പേരിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ, മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

എആർ ക്യാംപിൽ ഉദ്യോഗസ്ഥനായ മിഥുൻ റോയിക്ക് (33) ആണ് മർദനമേറ്റത്. എസ്എഫ്ഐ പ്രവർത്തക‍ർക്കെതിരെ തടഞ്ഞു നിർത്തൽ, അസഭ്യം പറയൽ ചെറിയ രീതിയിലുള്ള മർദനശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പൊലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ശനിയാഴ്ച ഉച്ചയ്ക്ക് 3ന് മാൾ ഓഫ് ട്രാൻവൻകൂറിലായിരുന്നു സംഭവം. സഹോദരിക്കൊപ്പമാണ് മിഥുൻ മാളിൽ എത്തിയത്.

കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളും ഉണ്ടായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനടക്കമുള്ള പൊലീസുകാർ ലാത്തിവീശി. ഇതിൽ ചില എസ്എഫ്ഐ പ്രവർത്തക‍ർക്കു പരുക്കേറ്റതായി ആരോപണമുയർന്നു. ഇതിന്റെ പ്രതികാരമായാണു ശനിയാഴ്ച മിഥുനെ സംഘം ചേർന്ന് ആക്രമിച്ചത്. രേവന്ത്, സുജിത് എന്നിവർക്കും കണ്ടാലറിയാവുന്ന 2 പേർക്കുമെതിരെയാണ് കേസ്.

പേട്ട ചായക്കുടി സ്വദേശി വിനയ്പ്രകാശിന്റെ പരാതിയിലാണ് മിഥുനും സഹോദരിക്കുമെതിരെ കേസ്. മിഥുൻ ശംഖുമുഖത്ത് വച്ച് ലാത്തികൊണ്ട് അടിച്ചതിൽ കമ്മിഷണർക്ക് നൽകിയ പരാതി പിൻവലിക്കാത്ത വൈരാഗ്യമാണെന്നാണു പരാതിയിലുള്ളത്. ശംഖുമുഖത്തെ സംഭവത്തിനുശേഷം മിഥുൻ മെഡിക്കൽ അവധിയിലായിരുന്നു. മാളിൽ മിഥുന്റെ പിന്നാലെ നടന്ന് അസഭ്യം പറയുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതുമായ വിഡിയോ എസ്എഫ്ഐ പ്രവർത്തകർ തന്നെ റിക്കോർഡ് ചെയ്തിരുന്നു.

പലതവണ മിഥുനെ പിടിച്ചുതള്ളുന്നതും പ്രകോപിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രതിപ്പട്ടികയിലുള്ള എസ്എഫ്ഐ പ്രവർത്തകർ മിഥുനെ ചവിട്ടി വീഴ്ത്തുന്നതും കാണാം. പുറത്തുവന്ന സിസിടിവി ദൃശ്യത്തിലും എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നത് വ്യക്തമാണ്. ദൃശ്യങ്ങളിൽ മിഥുനും സഹോദരിയും ആയുധം ഉപയോഗിക്കുന്നതായും കാണുന്നില്ല.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *