കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസില്‍ അറസ്റ്റിലായ പാര്‍വതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്നു പൊലീസ്. സമാനമായ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.
ലുക്കൗട്ട് നോട്ടീസ് നിലവിലിരിക്കെ വ്യാഴാഴ്ച രാവിലെ വിദേശത്തു നിന്നെത്തി തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാര്‍വതി ഷാജിയെ ഇമിഗ്രേഷന്‍ വിഭാഗമാണു തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്. ഇടപ്പള്ളിയിലെ ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് എന്നീ സ്ഥാപനങ്ങള്‍ മുഖേന അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്തു 10 ലക്ഷം തട്ടിയ കേസിലാണു പാര്‍വതി പിടിയിലായത്.
പാര്‍വതി പിടിയിലായ വിവരമറിഞ്ഞു പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ മാത്രം ഇന്നലെ ഇരുപത്തഞ്ചിലേറെ പരാതിക്കാരെത്തി. ഇതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുണ്ട്. കൂടുതല്‍ പരാതികള്‍ ലഭിക്കുകയും കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലും ഒന്നിലേറെ കേസുകള്‍ പ്രതിക്കെതിരെ ഉള്ളതായി വിവരം ലഭിക്കുകയും ചെയ്തതോടെ കോടികളുടെ തട്ടിപ്പാണു പ്രതിയുടെ നേതൃത്വത്തില്‍ അരങ്ങേറിയത് എന്നു പൊലീസ് കണ്ടെത്തി.
2023 മുതല്‍ പണം നല്‍കിയവരാണു തട്ടിപ്പിനിരയായത്. കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്തു സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയാണു ഇരകളെ ആകര്‍ഷിച്ചിരുന്നത്. ആഡംബര കാറുകള്‍ക്കൊപ്പവും വിലകൂടിയ ആഭരണങ്ങളണിഞ്ഞും സാമൂഹിക മാധ്യമങ്ങളില്‍ റീലുകളിലൂടെ നിറഞ്ഞു നിന്ന വ്യക്തിയാണു പാര്‍വതി. പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയിരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പു കേസുകള്‍ നേരിടാന്‍ അഭിഭാഷകരുടെ നിര തന്നെ പ്രതിക്കൊപ്പമുണ്ട്. ഒരു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുകിട്ടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണു പൊലീസ്.
പാര്‍വതിക്കു പുറമേ ഭര്‍ത്താവ് അനീഷ് മേനോന്‍, മാനേജര്‍മാരായ അഭിജിത്ത്, അജു കെ മാത്യു, വിഷ്ണു വിജയന്‍, ഷാജി എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. ഇവരെയും വൈകാതെ അറസ്റ്റ് ചെയ്യാനാണു പൊലീസിന്റെ നീക്കം. അനീഷ് ദുബായിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. ഒട്ടേറെ തട്ടിപ്പു കേസുകളിലും മണി ചെയിന്‍ കേസുകളിലും പ്രതിയാണ് അനീഷെന്നാണ് പൊലീസ് പറയുന്നത്.
