Breaking
Sun. Sep 27th, 2026

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച തുറക്കുന്നതില്‍ ആശയക്കുഴപ്പം; അടുത്തയാഴ്ച പ്രവര്‍ത്തിക്കുക രണ്ടുദിവസം മാത്രം

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാന്‍ ഞായറാഴ്ച ശാഖകള്‍ തുറക്കുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. സെപ്റ്റംബര്‍ 27 ആശയക്കുഴപ്പത്തിനുള്ള ദിവസമല്ലെന്നും ഒറ്റക്കെട്ടായി നിലകൊള്ളേണ്ട ദിവസമാണെന്നും ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കി. ‘നമ്മുടെ ഐക്യമാണ് നമ്മുടെ കരുത്ത്. നമ്മുടെ കൂട്ടായ പോരാട്ടത്തിന് പിന്തുണ നല്‍കികൊണ്ട് ജാഗ്രതയോടെയും അച്ചടക്കത്തോടെയും ഐക്യത്തോടെയും നമുക്ക് നിലകൊള്ളാം’- യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് എക്‌സില്‍ കുറിച്ചു.

ഇതോടെ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ ഞായറാഴ്ച ബാങ്ക് ശാഖകളില്‍ റിപ്പോര്‍ട്ട് ചെയ്യാതെ മാറിനില്‍ക്കുന്നതോടെ ബാങ്കിങ് മേഖല സ്തംഭിച്ചേക്കും. ഇന്ന് നാലാം ശനിയാഴ്ചയായത് കൊണ്ട് ബാങ്ക് അവധിയാണ്. അങ്ങനെ വരുമ്പോള്‍ തുടര്‍ച്ചയായി അഞ്ചുദിവസം ബാങ്കിങ് പ്രവര്‍ത്തനം തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് വ്യാഴാഴ്ചയേ ബാങ്കുകള്‍ പ്രവര്‍ത്തിക്കൂ. വെള്ളിയാഴ്ച ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയാണ്. അങ്ങനെയാണെങ്കില്‍ അടുത്തയാഴ്ച വ്യാഴാഴ്ചയും ശനിയാഴ്ചയും മാത്രമാണ് ബാങ്കുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുക.

ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ചെക്ക് ക്ലിയയറന്‍സ്, എടിഎം ഉള്‍പ്പെടെ പണമിടപാടുകളെ ബാധിക്കുമെന്നതിനാല്‍, ജനങ്ങളും വ്യാപാര-വാണിജ്യ സമൂഹങ്ങളും നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചത്.ഇതുപ്രകാരം എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുമെന്ന് വ്യക്തമായിട്ടുമുണ്ട്. ആഴ്ചയില്‍ പ്രവൃത്തിദിനം 5 ആയി ചുരുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമില്‍ മാറ്റംവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബര്‍ 28, 29, 30 തീയതികളിലാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. 7 ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുബിഎഫ്‌യു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 8 ലക്ഷംത്തോളം അംഗങ്ങളുള്ള കൂട്ടായ്മയാണിത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *