Breaking
Tue. Nov 10th, 2026

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചു- ട്രംപിന്റെ പ്രഖ്യാപനം

2026 നവംബർ 10 ചൊവ്വ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ‘ഇറാൻ സൈനികമായി ഫലത്തിൽ അവസാനിച്ചു, ഞങ്ങൾ ഇപ്പോഴുള്ള അവസ്ഥ തുടരുക മാത്രമാണ് ചെയ്യുന്നത്’ ട്രംപ് പറഞ്ഞു. ഇറാന്റെ നേതൃനിര തകർക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ ആണവ പദ്ധതിയുടെ അപകടശേഷി എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരം ഉറപ്പാക്കാൻ താൻ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇറാൻ അമേരിക്കൻ പ്രതിനിധികളുമായി ‘വളരെ മാന്യമായി’ സംസാരിക്കുന്നുണ്ടെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഒരു പരിഹാരം കണ്ടെത്താൻ ‘നല്ല സാധ്യതയുണ്ടെന്നും’ ട്രംപ് പറഞ്ഞു.

ഇറാൻ ആണവായുധം നേടുന്നത് തടയാൻ തനിക്ക് കഴിഞ്ഞുവെന്ന് അവകാശപ്പെട്ട ട്രംപിനോട്, എങ്കിൽ പിന്നെ എന്തുകൊണ്ട് ഇറാനെതിരായ വിജയം പ്രഖ്യാപിക്കുകയും അമേരിക്കൻ സൈന്യത്തെ ആ മേഖലയിൽ നിന്ന് പിൻവലിക്കുകയും ചെയ്യുന്നില്ല എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. ‘അവിടെ ഞങ്ങൾക്ക് മികച്ച സഖ്യകക്ഷികളുണ്ട്. അവർക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇപ്പോൾ അമേരിക്കൻ സൈന്യം പിന്മാറിയാൽ അവർക്ക് ദോഷം സംഭവിക്കും’ ട്രംപ് മറുപടി നൽകി. ഞങ്ങൾ ആഗ്രഹിക്കുന്നത് ദീർഘകാലത്തേക്കുള്ള ഒരു പരിഹാരമാണ്, ഹ്രസ്വകാലത്തേക്കുള്ളതല്ല. അവർക്ക് ഒരിക്കലും ആണവായുധം ലഭിക്കില്ല. എന്നാൽ അത് ദീർഘകാലത്തേക്ക് ഉറപ്പാക്കേണ്ടതുണ്ട്. യുദ്ധം ‘വേഗത്തിൽ അവസാനിച്ചുകൊണ്ടിരിക്കുകയാണെ’ന്നും ട്രംപ് ആവർത്തിച്ചു. യുദ്ധം ഉടൻ അവസാനിക്കുമെന്ന് മാസങ്ങളായി ട്രംപ് അവകാശപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇതിനിടെ ഒരു മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ, താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ട്രംപ് മറുപടി നൽകി.

‘അവർക്ക് ആണവായുധം ലഭിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, അവർക്ക് ആണവായുധം ലഭിക്കുകയുമില്ല’ ട്രംപ് പറഞ്ഞു. ‘അവർ ഞങ്ങളോട് സംസാരിക്കുന്നുണ്ട്, അവർ വളരെ മാന്യമായാണ് സംസാരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം, സൈനിക നടപടി ഇപ്പോൾ വളരെ ആവശ്യമുള്ള ഒരു കാര്യമായി തോന്നുന്നില്ല, എങ്കിലും ഞങ്ങൾ എന്തിനും തയ്യാറായി, ഏത് സാഹചര്യവും നേരിടാൻ സജ്ജമായി നിൽക്കുകയാണ്’ ട്രംപ് കൂട്ടിച്ചേർത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *