Breaking
Tue. Sep 22nd, 2026

‘പ്രിയദര്‍ശിനി’ പദ്ധതിക്ക് 100 ദിനം; സ്ത്രീകള്‍ നടത്തിയത് 13 കോടി സൗജന്യ യാത്രകള്‍: വനിതകള്‍ ലാഭിച്ചത് 275 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതി വിജയകരമായി നൂറാം ദിനത്തിലേക്ക് കടക്കുന്നു. പ്രതിദിനം ശരാശരി 12.93 ലക്ഷം പേരാണ് നിലവില്‍ ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത്. പദ്ധതി ആരംഭിച്ച ജൂണ്‍ 15 മുതല്‍ ഇന്നു വരെയുള്ള കണക്കുകള്‍ പ്രകാരം വനിതകള്‍ ഏതാണ്ട് 13 കോടി സൗജന്യ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തതെന്ന് മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. സെപ്റ്റംബര്‍ 7-നാണ് ഏറ്റവും കൂടുതല്‍ വനിതകള്‍ (15.53 ലക്ഷം പേര്‍) സൗജന്യമായി യാത്ര ചെയ്തത്; അന്ന് നല്‍കിയ ടിക്കറ്റുകളുടെ മാത്രം മൂല്യം 3.29 കോടി രൂപയാണ്.

പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ സൗജന്യ പദ്ധതിയിലെ തുക മാറ്റിവച്ചാല്‍ തന്നെ പ്രതിദിന ശരാശരി കളക്ഷന്‍ 5.75 കോടി രൂപയായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 5.45 കോടിയും ഓഗസ്റ്റില്‍ 5.43 കോടിയുമായിരുന്നു. ആദ്യ ആഴ്ചകളില്‍ ആകെ യാത്രക്കാരില്‍ 62% ആയിരുന്ന വനിതകളുടെ പങ്കാളിത്തം ഇപ്പോള്‍ 68.9% ആയി വര്‍ധിച്ചു. കൂടാതെ, പ്രതിദിന ആകെ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തില്‍ നിന്ന് 12.1% വര്‍ധിച്ച് 27.63 ലക്ഷത്തിലെത്തി.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനാണ് കെഎസ്ആര്‍ടിസിക്ക് പദ്ധതിക്കായി തുക മുന്‍കൂറായി നല്‍കുന്നത്. തുടര്‍ന്ന് 15 ദിവസം കൂടുമ്പോള്‍ ബജറ്റ് വിഹിതത്തില്‍ നിന്ന് സര്‍ക്കാര്‍ ഈ തുക കെഎസ്ആര്‍ടിസിക്ക് കൈമാറും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *