Breaking
Fri. Nov 6th, 2026

ലഹരിക്കെതിരെ ജാഗ്രതയുടെ മതിലൊരുക്കി വാകേരി സ്കൂൾ; ‘ഉണർവ്വ്’ സെമിനാർ ശ്രദ്ധേയമായി

വാകേരി: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ അവബോധം ശക്തമാക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി വാകേരി ജി.വി.എച്ച്.എസ്.എസിൽ വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ഉണർവ്വ്: തെറ്റാത്ത ചുവടുകൾ, തളരാത്ത നാളുകൾ” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രത്യേക സെമിനാറിന് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം നേതൃത്വം നൽകി.
പുതിയ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരിമാഫിയകൾക്കെതിരെ സ്വയം പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. ലഹരിയുടെ കാണാച്ചരടുകളിൽ വീഴാതെ കായികപരിശീലനം, വായന,സാമൂഹിക സേവനം എന്നിവയിലൂടെ സർഗ്ഗാത്മകമായ ‘പോസിറ്റീവ് ലഹരി’ കണ്ടെത്താൻ യുവതലമുറ തയ്യാറാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഴിതെറ്റിക്കുന്ന പ്രലോഭനങ്ങളോട് ഉറച്ച ശബ്ദത്തിൽ ‘നോ’ പറയാൻ ആർജ്ജവം കാട്ടണമെന്നും, സൗഹൃദങ്ങളിൽ കരുതൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിന്റെ ഭാഗമായി ആന്റി നാർക്കോട്ടിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെ തയ്യാറാക്കിയ പോസ്റ്ററുകൾ വിമുക്തി ജില്ലാ കോർഡിനേറ്റർ പ്രകാശനം ചെയ്തു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.എൽ. ലിസ അദ്ധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് കെ.ബി. ദിവാകരൻ സ്വാഗതം ആശംസിച്ചു.ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ ഇ.എസ്. ബബിത,അധ്യാപകരായ സുജിത്ത് വാസുദേവൻ, എം.എം.സ്മിത തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ലിലിയ തോമസ് നന്ദി രേഖപ്പെടുത്തി.വരും ദിവസങ്ങളിലും സ്കൂൾ കേന്ദ്രീകരിച്ച് ശക്തമായ തുടർ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *