ന്യൂഡൽഹി: ഏറെ വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലെ വിചാരണ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നിലവിലെ വിചാരണ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. വയനാടൻ വനമേഖലയിൽ നിന്ന് അനധികൃതമായി മുറിച്ചുകടത്തിയ ഈട്ടിത്തടികൾ വനംവകുപ്പിന്റെ സാധുവായ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു വ്യവസായിക്ക് വിറ്റ് പണം തട്ടിയെടുത്തുവെന്നാണ് അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ്.
വയനാട്ടിലെ കേസിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ മുൻപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. പിന്നാലെയാണ് അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചത്.
