മെഡിക്കല്‍ കോളേജില്‍ ടെസ്റ്റുകള്‍ മുടങ്ങി; പ്രതിഷേധവുമായി യുവമോര്‍ച്ച

മാനന്തവാടി: ഹൃദയ സംബന്ധമായ രോഗികള്‍ക്ക് അടിയന്തിരമായി ചെയ്യുന്ന ട്രോപ്പോണിന്‍ അടക്കമുള്ള ടെസ്റ്റുകള്‍ വയനാട് മെഡിക്കല്‍ കോളേജ് ലാബില്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രോപ്പോണിന്‍ അടക്കമുള്ള ടെസ്റ്റുകള്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്നില്ല. സ്വകാര്യ ലാബുകളെ സഹായിക്കാനായി ആശുപത്രി അധികൃതരും സ്വകാര്യ ലാബുകളും ഒത്തു കളിക്കുകയാണെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രതിഷേധക്കാര്‍ ആര്‍എംഒ ഡോക്ടര്‍ ഫെസിനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ മുടങ്ങിയ ടെസ്റ്റുകള്‍ പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേല്‍ പ്രതിഷേധ സമരം അവസാനിപ്പിച്ചു. വയനാട് മെഡിക്കല്‍ കോളേജിന്റെ ഈ അവസ്ഥയ്ക്ക് കാരണം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ ആണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഖില്‍ പ്രേം. സി ആരോപിച്ചു.

അധികാരത്തിലെത്തിയാല്‍ വയനാട് മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ യുഡിഎഫ് സര്‍ക്കാരും മാനന്തവാടി എംഎല്‍എയും ഇതിനു മറുപടി പറയണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. ഉപരോധ സമരത്തിന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ കേളോത്ത് , മണ്ഡലം പ്രസിഡണ്ട് രൂപേഷ് പിലാക്കാവ്, ശ്രീജിത്ത് കണിയാരം , സംഗീത് പി എസ് , ബിജെപി മുനിസിപ്പല്‍ പ്രസിഡണ്ട് പി സജീവന്‍ , ജി ഹരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *