കൊച്ചി: കാര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ഗതാഗത നിയമലംഘനം ചോദ്യം ചെയ്തതിന് നഗരത്തില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത അന്‍സാറിനെ ജാമ്യത്തില്‍ വിട്ടത് വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പിന്നാലെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് മുഹമ്മദ് അന്‍സാറിനെതിരേ വീണ്ടും അറസ്റ്റ് ചെയ്തു. എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അന്‍സാര്‍ റിമാന്‍ഡിലാണ്. പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലാണ് അന്‍സാറിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്.
ഓഗസ്റ്റ് 22ന് വൈകിട്ട് 5.15ഓടെ വഴക്കാല ഭാഗത്തുവച്ചുണ്ടായ സംഭവത്തിലായിരുന്നു തൃക്കാക്കര പൊലീസിന്റെ കേസ്. പാലാരിവട്ടത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് കാറില്‍ വരികയായിരുന്ന പടമുഗള്‍ സ്വദേശി സി.ബി.റെജിന്‍സ് എന്നയാളാണ് അതിക്രമം നേരിട്ടത്. അമിതവേഗതയിലും ഉച്ചത്തില്‍ ഹോണടിച്ചും പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിന്റെ ഇടതുവശത്തുകൂടി അപകടകരമായി ഓവര്‍ടേക്ക് ചെയ്ത് വഴി ബ്ലോക്കാക്കി നിര്‍ത്തി. തുടര്‍ന്ന് ബസ് നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തുകൊണ്ട് റെജിന്‍സ് ഹോണ്‍ അടിച്ചതില്‍ കോപാകുലനായ അന്‍സാര്‍ ബസില്‍ നിന്നിറങ്ങിവന്ന് കാറിന്റെ ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഗ്ലാസ് താഴ്ത്തിയ ഉടന്‍ കടുത്ത അസഭ്യവര്‍ഷം ചൊരിയുകയും കാറിന്റെ ബോണറ്റില്‍ ശക്തിയായി അടിക്കുകയും കാറിന് യാത്രാതടസം ഉണ്ടാക്കുകയുമായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു.
