Breaking
Sat. Aug 22nd, 2026

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; എം വിജിന്‍ സെക്രട്ടറി

തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം വിജിനിനെയും തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അഡ്വ. ആര്‍ രാഹുലാണ് ട്രഷറര്‍.

എസ്എഫ്‌ഐ പ്രവര്‍ത്തകയായാണ് ചിന്ത ജെറോം പൊതുജീവിതം ആരംഭിച്ചത്. എസ്എഫ്‌ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007-2008 വര്‍ഷം കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. കേരള സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നത്തിനിടെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2016 മുതല്‍ 2023 വരെ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളത്ത് നടന്ന സമ്മേളനത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

അധ്യാപക ദമ്പതിമാരായ സി ജെറോമിന്റെയും എസ്തര്‍ ജെറോമിന്റെയും മകളായി കൊല്ലത്താണ് ജനനം. കൊല്ലം വിമല ഹൃദയ ഹയര്‍ സെക്കന്‍ഡറിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബിഎഡ് പൂര്‍ത്തീകരിച്ച ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ച് ഡോക്ടറേറ്റ് നേടി. UGC, NET,- JRF യോഗ്യതകളുണ്ട്.

ബാലസംഘത്തിലൂടെയാണ് എം വിജിന്‍ രാഷ്ട്രീയരംഗത്ത് എത്തുന്നത്. ബാലസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നി നിലകളിലും ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി ,കണ്ണൂര്‍ ജില്ലാ ട്രഷറര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. 2021 മുതല്‍ കല്ല്യാശ്ശേരി എംഎല്‍എ ആണ്.

മറ്റു ഭാരവാഹികള്‍:

വൈസ് പ്രസിഡന്റ്: ആര്‍ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്‌സല്‍, പി ഷബീര്‍, നിഖില്‍ ബാബു. ജോയിന്റ് സെക്രട്ടറി: ഗ്രീഷ്മ അജയ്‌ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന്‍ ദേവ്, കെ അനുശ്രീ. 92 അംഗ കമ്മറ്റിയെയും 25 സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *