Breaking
Sat. Aug 15th, 2026

കര്‍ണാടകയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നുപേരെ വെടിവെച്ചു കൊന്നു; ഫോറസ്റ്റ് ഓഫിസ് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, അന്വേഷണത്തിന് ഉത്തരവ്

ബംഗളൂരു: കര്‍ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. വേട്ടയാടാനായി സംരക്ഷിത വനമേഖലയില്‍ പ്രവേശിച്ചവരാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിശദീകരണം. സംഭവത്തില്‍ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.

തോമിയാര്‍ പാളയം ഗ്രാമത്തിലെ അന്തോണി സ്വാമി, പീറ്റര്‍, കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വാര്‍ത്ത പുറത്തുവന്നതോടെ പ്രദേശത്ത് വലിയ തോതില്‍ പ്രതിഷേധവും സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. സംരക്ഷിത വനമേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്നും തുടര്‍ന്നാണ് വെടിവെക്കേണ്ടി വന്നതെന്നുമാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

എന്നാല്‍ കൊല്ലപ്പെട്ടത് വേട്ടക്കാരാണെന്ന വനംവകുപ്പിന്റെ വാദം നാട്ടുകാര്‍ പൂര്‍ണമായും തള്ളി. പ്രകോപിതരായ നാട്ടുകാര്‍ സോണല്‍ ഫോറസ്റ്റ് ഓഫിസിലേക്ക് ഇരച്ചുകയറി ഉപകരണങ്ങളും കെട്ടിടവും അടിച്ചുതകര്‍ത്തു. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയവരുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടിയെന്ന വിവരം ലഭിച്ചതെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് തോക്കുകളും ചില രേഖകളും വനംവകുപ്പും പൊലീസും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊല്ലേഗല്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അക്രമസാധ്യത കണക്കിലെടുത്ത് ആശുപത്രി പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *