Breaking
Mon. Aug 10th, 2026

ലോക ആദിവാസി ദിനത്തിൽ മുത്തങ്ങ നീതിക്കായി ആദിവാസി ദലിത് സംഗമം നടത്തി

സുൽത്താൻ ബത്തേരി:ലോക ആദിവാസി ദിനത്തിൽ ആദിവാസി ഗോത്ര മഹാസഭയുടെയും അംബേദ്ക്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ടിൻ്റെയും നേതൃത്വത്തിൽ മുത്തങ്ങ നീതി സംഗമവും ആദിവാസി ദലിത് ഐക്യദാർഢ്യ സമ്മേളനവും നടത്തി. സമ്മേളനത്തിൻ്റെ ഭാഗമായി ആദിശക്തി സമ്മർ സ്കൂളിൻ്റെ നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു.ജോഗിയുടെ മകൻ ശിവൻജോഗിയുടെ അധ്യക്ഷതയിൽ കൂടിയ നീതി സംഗമം മുത്തങ്ങ സമരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായമായ ബൊമ്മിയമ്മ ഉദ്ഘാടനം നിർവഹിച്ചു. സമരത്തിൽ പങ്കെടുത്തവർ സമ്മേളനത്തിൽ പങ്കുവച്ച മുത്തങ്ങ അനുഭവങ്ങളുടെ നേർസാക്ഷ്യം സദസിനെ കണ്ണീരണിയിക്കുന്നതും ഒപ്പം നീതിക്കായുള്ള തുടർ പോരാട്ടങ്ങൾക്ക് പ്രചോദനവുമായിമാറി. തുടർന്ന് ശിവൻ ജോഗിയും ഐ.ആർ സദാനന്ദനും ചേർന്ന് അധ്യക്ഷതവഹിച്ച പൊതുസമ്മേളനത്തിൽ ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി ജി ജനാർദ്ദനൻ ജോഗിയുടെ മരണം നീതിയുക്തമായി അന്വേഷിക്കണമെന്നും, മുത്തങ്ങയിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം നിർമ്മല ദേശ് പാണ്ഡെയുടെ ഉത്തരവ് നടപ്പാക്കണമെന്നും അക്രമത്തിന് ഇരയായ മുഴുവൻ ആളുകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അവകാശപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. പൊതു സമ്മേളനം അംബേദ്കറേറ്റ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് സംസ്ഥാന വർക്കിംഗ് ചെയർമാൻ കെ.അംബുജാക്ഷനും സാംസ്കാരിക ഘോഷയാത്ര അട്ടപ്പാടി സൊറിയൻ മൂപ്പനും ഉദ്ഘാടനം നിർവഹിച്ചു. വിവിധ ദലിത് ആദിവാസി സമൂഹ്യ സംഘടനകൾ പങ്കെടുത്ത യോഗത്തിൽ രേഷ്മ കെ.ആർ,ശ്രീരാമൻ കൊയ്യോൻ,ഐ.ആർ സദാനന്ദൻ, എബി ആർ.നീലംപേരൂർ,പത്മനാഭൻ മൊറാഴ, ഷിവു നാഗർഹോള, സി.ജെ തങ്കച്ചൻ, ശാന്ത രമേശ്,അനീസ്യ, ഷീബ സി.കെ, ജിയേഷ് പതിപ്പള്ളി ശ്രീജിത്ത് പി.ശശി, സൂര്യലക്ഷ്മി എസ്, മധു മുണ്ടകം,സതി ശ്രീ ദ്രാവിഡ്,മാധ്യമം പത്ര റിപ്പോർട്ടർ മുഹമ്മദ് ഷെറീഫ്, കെ.അജിത, തിരുവണ്ണൂർ ബാലൻ, തുടങ്ങിയവർ പ്രസംഗിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *