2026 നവംബർ 8 ഞായർ
മംഗളൂരു: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പേര് പതിപ്പിച്ചതിനെത്തുടർന്ന് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്നുള്ള കോളജ് വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസാണ് ചിക്കമഗളൂരുവിൽ തടഞ്ഞുവെച്ചത്. ബസിന്റെ സൈഡ് പാനലിൽ ‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’, ‘എംപറർ സ്ട്രൈക്ക്സ് എഗെയ്ൻ’ തുടങ്ങിയ വാചകങ്ങൾ എഴുതിയതാണ് പ്രതിഷേധത്തിന് കാരണമായത്. ചിക്കമഗളൂരു നഗരത്തിലെ ബോളരാമേശ്വര ക്ഷേത്രത്തിന് സമീപം ബസ് എത്തിയപ്പോഴാണ് ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ വാഹനം തടഞ്ഞിട്ടത്.
ബസിലെ എഴുത്തുകൾ അധോലോക കുറ്റവാളിയായ ദാവൂദിനെ പ്രകീർത്തിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വാഹനം തടഞ്ഞതിനെത്തുടർന്ന് ബസ് ജീവനക്കാരും ഹിന്ദുത്വ സംഘടനാ പ്രവർത്തകരും തമ്മിൽ സ്ഥലത്ത് വാക്കേറ്റമുണ്ടായി. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തർക്കത്തിന് കാരണമായ പേര് മറച്ചുവെച്ച ശേഷം വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമാനമായ സംഭവം ആറ് മാസങ്ങൾക്ക് മുമ്പും ഈ മേഖലയിൽ നടന്നിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്ന് ഇതേ പേരെഴുതിയ തമിഴ്നാട്ടിൽ നിന്നുള്ള ബസാണ് തടഞ്ഞിരുന്നത്.
കുറ്റവാളികളെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള ഇത്തരം എഴുത്തുകൾ അംഗീകരിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.
