Breaking
Sun. Aug 2nd, 2026

ഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്


സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ മീന്‍പിടിത്ത വിലക്കും തുടരുകയാണ്.

നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കണം. ഇന്നലെ മധ്യകേരളത്തില്‍ മഴ താണ്ഡവമാടുന്നതാണ് കണ്ടതെങ്കില്‍ അത് അപേക്ഷിച്ച് ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ട്.

മഴമുന്നറിയിപ്പ് തുടരുന്നതിനാല്‍ എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. ഞായറാഴ്ച ആണെങ്കിലും പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ മതപഠന ക്ലാസ്സുകളും ട്യൂഷന്‍ സെന്ററുകളും കോച്ചിങ് ക്ലാസ്സുകളും സ്‌പെഷ്യല്‍ ക്ലാസ്സുകളും തുടങ്ങിയവ അനുവദിക്കില്ലെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി തുടരും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *