Breaking
Tue. Jul 21st, 2026

കെ.പി.സി.സി പ്രസിഡന്‍റ് ചർച്ച പുരോഗമിക്കുന്നു; മുഖ്യമന്ത്രി ഡൽഹിയിൽ

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ കണ്ടെത്താനുള്ള ചർച്ചകൾക്കുൾപ്പെടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക് തിരിച്ചു. ചൊവ്വാഴ്ച അദ്ദേഹം വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകീട്ട് തലസ്ഥാനത്തേക്ക് മടങ്ങും. സർക്കാറും പാർട്ടിയും തമ്മിലെ ഏകോപനത്തിന്റെ അഭാവം കല്ലുകടിയായി മാറിയ പശ്ചാത്തലത്തിൽ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കുന്നതിൽ ഹൈകമാൻഡും തിരക്കിട്ട നീക്കത്തിലാണ്. വേഗത്തിൽ ചർച്ചകൾ പൂർത്തിയാക്കി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് ആലോചന.

മുതിർന്ന നേതാക്കളുമായി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെങ്കിലും ഡൽഹിയിലേക്ക് വിളിപ്പിച്ചുള്ള തുടർചർച്ചകൾക്കും സാധ്യതയുണ്ട്. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുമായുള്ള ആശയവിനിമയം. അതേസമയം വി.ഡി. സതീശൻ മൂന്നാഴ്ച മുമ്പ് നിശ്ചയിച്ച യാത്രയാണെന്നും കൂട്ടത്തിൽ പ്രസിഡന്‍റ് നിർണയവും അജണ്ടയിൽ ഉൾപ്പെടുകയായിരുന്നെന്നും മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങൾ പറയുന്നു.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് പുറമേ വർക്കിങ് പ്രസിഡന്‍റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസഭയിലെത്തിയതോടെയാണ് കോൺഗ്രസ് നേതൃപരമായി അനാഥമായത്. സർക്കാർ-പാർട്ടി ഏകോപനമില്ലായ്മ നിരവധി പ്രശ്നങ്ങൾക്ക് വഴിയൊരുക്കി. ഏറ്റവുമൊടുവിൽ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു-മുഖ്യമന്ത്രി പോരിന് കാരണമായതും പാർട്ടിതലത്തിൽ ഏകോപനമില്ലാത്തതാണ്. കൃത്യമായ ഏകോപനമുണ്ടായിരുന്നെങ്കിൽ പി.എം ശ്രീ, വീര്യം കുറഞ്ഞ മദ്യം, പ്ലീഡർ നിയമനം ഉൾപ്പെടെ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നെന്ന അഭിപ്രായം പാർട്ടിയിലുണ്ട്.

സർക്കാറുമായി ചേർന്നുപോകുന്നയാൾ പ്രസിഡന്റാകണമെന്ന അഭിപ്രായത്തിനാണ് പൊതുസ്വീകാര്യത. പാർട്ടി അധികാരത്തിലുള്ളതിനാൽ സംഘടന സംവിധാനത്തെ സജീവമാക്കി നിർത്തലും സർക്കാർ ചുവടുവെപ്പുകൾക്ക് രാഷ്ട്രീയപിന്തുണ നൽകലുമടക്കം ചുമതലകളാണ് കെ.പി.സി.സി നേതൃത്വത്തിന് നിർവഹിക്കാനുള്ളത്.

കെ.പി.സി.സി തലപ്പത്തെ ഒഴിവുകളാകും ആദ്യം നികത്തുക. പിന്നീട് ഡി.സി.സികളിലേക്കും പോഷക സംഘടനകളിലേക്കും കടക്കും. ഏഴ് ഡി.സി.സി പ്രസിഡന്റുമാർ എം.എൽ.എമാരാണ്. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എൻ. ശക്തനും നിയമസഭയിലുണ്ട്. പകുതിയിലേറെ ഡി.സി.സികളുടെ തലപ്പത്തും അഴിച്ചുപണിയുണ്ടാകും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *