Breaking
Tue. Oct 27th, 2026

15 ഗ്രാമെന്ന് പാക്കറ്റിൽ, കിട്ടിയത് 4 ഗ്രാം മാത്രം! 5 രൂപയുടെ ലേയ്‌സിന് 8000 രൂപ നഷ്ടപരിഹാരം

2026 ഒക്ടോബർ 27 ചൊവ്വ

ജയ്പൂർ: 15 ഗ്രാം ചിപ്‌സ് എന്ന് രേഖപ്പെടുത്തിയ ലേയ്‌സ് പാക്കറ്റിൽ വെറും 4 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന പരാതിയിൽ നിർമ്മാതാക്കളായ പെപ്‌സികോ ഇന്ത്യ ഹോൾഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് നഷ്ടപരിഹാരം നൽകാൻ ജയ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പാക്കറ്റിന്റെ വിലയായ 5 രൂപ പലിശ സഹിതം തിരികെ നൽകുന്നതിനൊപ്പം, മാനസിക വിഷമത്തിന് 5000 രൂപയും നിയമനടപടികളുടെ ചെലവിനായി 3000 രൂപയും പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു. 2020 നവംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയ്പൂരിലെ വ്യാപാരിയായ ചന്ദ്രമൻ ജലാനാണ് പരാതിക്കാരൻ. വീട്ടിലെത്തിയ അതിഥികൾക്ക് നൽകുന്നതിനായി മെട്രോ ക്യാഷ് ആൻഡ് കാരിയിൽ നിന്ന് വിവിധ ഭക്ഷ്യവസ്തുക്കൾ വാങ്ങിയിരുന്നു.

ഇവയിൽ പെപ്‌സികോ നിർമിച്ച ലേയ്‌സ് ചിപ്‌സിന്റെ ഒരു പാക്കറ്റും ഉൾപ്പെട്ടിരുന്നു. അതിഥികൾക്ക് ചിപ്‌സ് വിളമ്പുന്നതിനിടെ പാക്കറ്റിന് ഭാരം കുറവാണെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംശയം തോന്നിയത്.തുടർന്ന് പാക്കറ്റിലെ ചിപ്‌സ് തൂക്കിനോക്കിയപ്പോൾ 15 ഗ്രാമിന് പകരം വെറും 4 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം. വിഷയം മെട്രോ ക്യാഷ് ആൻഡ് കാരിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും തൃപ്തികരമായ പരിഹാരം ലഭിച്ചില്ലെന്ന് പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് സേവനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി 2022 ഏപ്രിൽ 6ന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിക്കാരൻ ഹാജരാക്കിയ വാങ്ങൽ ബില്ലടക്കമുള്ള തെളിവുകൾ പരിശോധിച്ച കമ്മീഷൻ, മെട്രോ ക്യാഷ് ആൻഡ് കാരിക്കെതിരായ പരാതി തള്ളുകയും പെപ്‌സികോയ്‌ക്കെതിരായ പരാതി അനുവദിക്കുകയും ചെയ്തു.

ചിപ്‌സ് പാക്കറ്റിന്റെ വിലയായ 5 രൂപ 2022 ഏപ്രിൽ 6 മുതൽ തുക നൽകുന്നതുവരെ പ്രതിവർഷം 6 ശതമാനം പലിശ സഹിതം തിരികെ നൽകാനാണ് നിർദേശം. ഇതിന് പുറമെ, മാനസിക വിഷമത്തിനുള്ള നഷ്ടപരിഹാരമായി 5000 രൂപയും നിയമനടപടികൾക്കുള്ള ചെലവായി 3000 രൂപയും ഉൾപ്പെടെ ആകെ 8000 രൂപ ഉത്തരവിന്റെ തീയതി മുതൽ ഒരു മാസത്തിനകം നൽകണം. നിശ്ചിത സമയത്തിനകം ഈ തുക നൽകാത്തപക്ഷം 8000 രൂപയ്ക്ക് ഉത്തരവിന്റെ തീയതി മുതൽ പണം നൽകുന്നതുവരെ പ്രതിവർഷം 6 ശതമാനം പലിശയും നൽകേണ്ടിവരും.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *