കല്‍പ്പറ്റ: സംസ്ഥാനത്തെ സ്വകാര്യ പൊതുമേഖലകളിലെ തരിശ് നിലങ്ങളുടെ മാപ്പിങ് പൂര്‍ത്തിയാക്കി കാര്‍ഷിക യോഗ്യമാക്കുന്നതിലൂടെ സമഗ്ര ഭക്ഷ്യ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂബിലി ഹാളില്‍ കൃഷി വകുപ്പും ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും സംയുക്തമായി നടപ്പാക്കുന്ന കനിപ്പന്തല്‍ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് തുടക്കമിട്ട് സ്‌കൂള്‍ പരിസരത്ത് മന്ത്രി ഫലവൃക്ഷത്തൈ നട്ടു. വിദ്യാലയങ്ങളില്‍ ഫലവൃക്ഷ തോട്ടങ്ങള്‍ വളര്‍ത്തി വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് അടുപ്പിക്കാനും പോഷക സുരക്ഷ ഉറപ്പാക്കാനുമാണ് കനിപ്പന്തല്‍ പദ്ധതിയിലൂടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും കതിര്‍ ക്ലബ്ബുകള്‍ രൂപീകരിക്കും. ഇതിനായി ഓരോ സ്ഥാപനത്തിനും 10,000 രൂപ വീതം അനുവദിക്കും. ആദ്യ ഘട്ടത്തില്‍ 500 സ്‌കൂളുകളില്‍ കതിര്‍ ക്ലബ്ബുകള്‍ ആരംഭിക്കുമെന്നും കതിര്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 85 സ്‌കൂളുകളിലായി 143 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങള്‍ സ്ഥാപിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന കൃഷി പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികള്‍ വകുപ്പ് നടപ്പാക്കും. 2026 വനിതാ കര്‍ഷക വര്‍ഷാചാരണത്തോടനുബന്ധിച്ച് അഞ്ച് വര്‍ഷം നീളുന്ന കൃഷി സഖി പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. തരിശ് ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കി സാധ്യമാവുന്ന വിളകള്‍ കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയും കര്‍ഷകരും നേരിടുന്ന പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഇവ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞുള്ള കൃഷി രീതികള്‍ കണ്ടെത്തുകയും അനുസൃതമായ പദ്ധതികള്‍ രൂപീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷനായ എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ 2,921 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫലപോഷണ ഉദ്യാനങ്ങള്‍ സ്ഥാപിക്കുകയാണ് കനിപ്പന്തല്‍ഇനി വിദ്യാലയങ്ങളിലും പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, ചാമ്പ, നാരകം തുടങ്ങിയ ഫലവൃക്ഷത്തൈകള്‍ വിദ്യാലയങ്ങളില്‍ നട്ടുപിടിപ്പിക്കും. കാര്‍ഷിക പദ്ധതി എന്നതിലുപരി ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള അനാരോഗ്യ ശീലങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ മുക്തരാക്കി പ്രകൃതിയോടും കൃഷിയോടും സാംസ്‌കാരത്തോടും ചേര്‍ത്ത് നിര്‍ത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കനിപ്പന്തലിലൂടെ സംസ്ഥാനത്ത് 4500 യൂണിറ്റ് ഫലവൃക്ഷത്തോട്ടങ്ങള്‍ സ്ഥാപിക്കും. കതിര്‍ ക്ലബ്ബ് വഴിയും ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ് വഴിയും വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പുവരുത്തി വിദ്യാലയങ്ങളില്‍ കനിപ്പന്തലുകള്‍ ഉയരും.
കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന സംസ്ഥാനതല പരിപാടിയില്‍ എം.എല്‍എ ഉഷ വിജയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ് സൗമ്യ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ വിദ്യാര്‍ത്ഥികള്‍ക്കുള്ള പച്ചക്കറി വിത്ത് വിതരണം ചെയ്തു. കല്‍പ്പറ്റമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ഹനീഫ, മീനാക്ഷി രാമന്‍, സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ എസ്. ആശ, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ രാജി വര്‍ഗ്ഗീസ്, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ എം.വി ശ്രീരേഖ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ജെ സീമ, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എ.ആര്‍ സുരേഷ്, എസ്.കെ എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം വിവേകാനന്ദന്‍, ഹെഡ്മാസ്റ്റര്‍ എം.പി കൃഷ്ണകുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രകാശ്, പഞ്ചായത്ത് പ്രസിഡന്റുമാ!ര്‍, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
