വയനാട്: വിഷരഹിത പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും: മന്ത്രി ടി.സിദ്ദിഖ്. തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിലൂടെ കുടുംബശ്രീ മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്. വരുന്ന ഓണക്കാലത്ത് ജില്ലയിൽ വിഷരഹിത പച്ചക്കറികൾ എല്ലായിടങ്ങളിലും എത്തിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു.
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഓണക്കനി, നിറപ്പൊലിമ , ജീവനം 2.0 പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം വൈത്തിരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണത്തിന് വിഷരഹിത പച്ചക്കറികൾ എത്തിക്കുന്നതിനായാണ് കുടുംബശ്രീ ഓണക്കനി പദ്ധതി നടപ്പാക്കുന്നത്.
കൃഷിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ കതിർ കൃഷി ക്ലബുകൾ ആരംഭിക്കുമെന്നും അതിൻ്റെ ഭാഗമായി ഈ വർഷം 500 സ്കൂളുകളിൽ ഈ പദ്ധതി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഓണത്തിന് വിഷരഹിത പച്ചക്കറികളും പൂക്കളും വിപണിയിൽ ലഭ്യമാക്കുകയും കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം സൃഷ്ടിക്കുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓണക്കനി, നിറപ്പൊലിമ പദ്ധതികൾ നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിൽ 1826 ജെഎൽജി കർഷകർ 100 ഏക്കറിൽ പച്ചക്കറി കൃഷിയും, 596 കർഷകർ 102 ഏക്കറിൽ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യും. കൃഷിക്കാർക്കുള്ളതൈകൾ വൈത്തിരി സിഡിഎസിലെ ജെഎൽജി അംഗം അനയ ഏറ്റുവാങ്ങി.
മൃഗസംരക്ഷണ മേഖലയിലെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കർഷകരുടെ വരുമാന സ്ഥിരത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആനിമൽ ഹസ്ബൻഡറി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജീവനം 2.0 യുടെ പോസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .കെ ഹനീഫ പ്രകാശനം ചെയ്തു. സംസ്ഥാന മിഷൻ ഫാം ലൈവ് ലി ഹുഡ് പ്രോഗ്രാം ഓഫീസർ ഡോ. എസ്.ഷാനവാസ് പദ്ധതി വിശദീകരിച്ചു.
മൃഗസംരക്ഷണ മേഖലയ്ക്ക് ആവശ്യമായ മരുന്നുകൾ അടങ്ങിയ കിറ്റ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി രാജൻ വൈത്തിരി മൃഗസംരക്ഷണ ക്ലസ്റ്റർ മെമ്പർ ലില്ലി പൈനാടത്തിന് കൈമാറി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല സദാനന്ദൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോളി ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം സാജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി എൽസി ജോസ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ തെസ്നി അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. വി വിജേഷ്, വാർഡ് അംഗങ്ങൾ, വൈത്തിരി സിഡിഎസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്, കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.കെ അമീൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി സോബിൻ സെബാസ്റ്റ്യൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സലീം മേമന തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ സ്വാഗതവും അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ. എം സെലീന നന്ദിയും അറിയിച്ചു
