Breaking
Sun. Jul 12th, 2026

എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍

ഗാനകോകിലം എസ് ജാനകിക്ക് വിട നല്‍കാന്‍ സംഗീതലോകം. മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ രാവിലെ ഏഴര മുതല്‍ പൊതുദര്‍ശനം നടക്കും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍ വച്ചാണ്. ഇന്നലെ രാത്രി ഏഴരയോടെ മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ 1938 ഏപ്രില്‍ 23നാണ് ശിസ്തില ജാനകി എന്ന എസ്. ജാനകിയമ്മയുടെ ജനനം. പിതാവ് ശിസ്തില രാമമൂര്‍ത്തി ആയുര്‍വേദ ഡോക്ടറായിരുന്നു. മാതാപിതാക്കള്‍ ചെറുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. ചന്ദ്രശേഖറിന്റെ സംരക്ഷണയിലാണ് ജാനകി പിന്നീട് വളര്‍ന്നത്. ചെറുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്ന ജാനകിയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായിരുന്നു 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരം. മത്സരത്തില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനത്തിന് അര്‍ഹയായതോടെ ജാനകിക്ക് സംഗീതലോകത്തേക്കു വഴിതുറന്നു. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് ജാനകിക്ക് അന്ന് പുരസ്‌കാരം നല്‍കിയത്.

1957ല്‍ മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ എസ് ജാനകി ജോലിയില്‍ പ്രവേശിച്ചു. പ്രശസ്ത സംഗീത സംവിധായകന്‍ ചലപതി റാവുവിനുവേണ്ടി വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തില്‍ പാടിയാണ് ജാനകി ചലച്ചിത്ര സംഗീതലോകത്തേക്ക് കടന്നുവരുന്നത്. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും മലയാളം ഉള്‍പ്പെടെ ആറു ഭാഷകളില്‍ പാടുവാന്‍ ആ വര്‍ഷം തന്നെ അവസരം ലഭിച്ചു. 1957ല്‍ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍ എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *