Breaking
Sat. Jun 27th, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം റാങ്ക് നേടി. എസ്സി/എസ്ടി വിഭാഗം ഉള്‍പ്പെടെയുള്ള മറ്റ് വിശദമായ റാങ്ക് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.

രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആല്‍ഫ്രഡ് ജെന്‍സണ്‍, തലാല്‍ ഷിഹാബുദ്ദീന്‍, കൃഷ്ണ ജെ മേനോന്‍, ജോഷ്വ എസ് ചുണ്ടാട്ട്, റിതിന്‍ രാജ് കെ എന്നിവരാണ് എന്‍ജിനീയറിങ്ങില്‍ ആദ്യ പത്ത് റാങ്കുകള്‍ നേടിയ മറ്റുള്ളവര്‍.

ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും, ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂര്‍ സ്വദേശികളാണ്. മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും കരസ്ഥമാക്കി. പ്രണവ് ജി സജീവ്, റെന നസ്‌റിന്‍, നിമീഷ് പി രാജന്‍, കേശവ്‌നാഥ്, മുരളീകൃഷ്ണ അശോക്, ഷഹാന ഷെറിന്‍ പിവി, വൈഷ്ണവി പി കി എന്നിവരാണ് ഫാര്‍മസിയില്‍ ആദ്യ പത്ത് റാങ്കുകള്‍ നേടിയത്. 26,943 പേരാണ് ഫാര്‍മസി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്.

വലിയ തയ്യാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികള്‍ ഇല്ലാതെ സമയബന്ധിതമായി നടത്തിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. കേരളത്തില്‍ 192 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു, കേരളത്തിന് പുറത്തും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ 95,016 പേര്‍ പരീക്ഷയ്ക്ക് ഹാജരായിരുന്നു. സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയ ഫലം വൈകിയതിനാല്‍ കുറച്ച് കുട്ടികള്‍ക്ക് മാര്‍ക്ക് ഷീറ്റ് അപ്ലോഡ് ചെയ്യാനാണ് കീം ഫലപ്രഖ്യാപനം വൈക്കിയത്. എന്‍ജിനീയറിങ്ങില്‍ ആകെ 96,750 പേര്‍ പരീക്ഷയ്ക്ക് ഹാജരായത്തില്‍ 79,717 പേര്‍ യോഗ്യത നേടി – മന്ത്രി വ്യക്തമാക്കി. എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനേയും മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *