മേപ്പാടി: രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഡോ.മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് ആന്റ് ഫെലോഷിപ്പ്‌സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ 45 പേര്‍ക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. നഴ്‌സിംഗ്, ഫാര്‍മസി കോഴ്‌സുകളില്‍ പത്ത് സീറ്റുകള്‍ വീതം അധികമായി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ 5 എം.ബി.ബി.എസ്, ഡോ മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിലെ 20 ബി.എസ്സി നഴ്‌സിംഗ്, ഡോ മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസിയിലെ 20 ബി.ഫാം എന്നീ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഈ സമ്പൂര്‍ണ്ണ ട്യൂഷന്‍ ഫീസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. യോഗ്യരായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം ട്യൂഷന്‍ ഫീസ് ഇളവ് നല്‍കുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ചരിത്ര നേട്ടം തുടരുകയാണ്.
അക്കാദമിക് യോഗ്യതയും സാമ്പത്തിക പശ്ചാത്തലവും കണക്കിലെടുത്താണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.
* എം.ബി.ബി.എസ് സ്‌കോളര്‍ഷിപ്പ് (5 സീറ്റുകള്‍): പൂര്‍ണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകര്‍ 2026ലെ നീറ്റ് (ചഋഋഠ) കേരള സ്‌റ്റേറ്റ് റാങ്ക് 3000ത്തിന് ഉള്ളില്‍ വരുന്നവരായിരിക്കണം. കൂടാതെ പന്ത്രണ്ടാം ക്ലാസില്‍ കുറഞ്ഞത് 75% മാര്‍ക്കുള്ളവരും കേരളത്തില്‍ സ്ഥിരതാമസക്കാരുമായിരിക്കണം.
* ബി.എസ്സി നഴ്‌സിംഗ് & ബി.ഫാം സ്‌കോളര്‍ഷിപ്പുകള്‍ (20 സീറ്റുകള്‍ വീതം): പന്ത്രണ്ടാം ക്ലാസില്‍ (സയന്‍സ് ഗ്രൂപ്പ്) കുറഞ്ഞത് 75% മാര്‍ക്കുള്ളവരും, വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍.
‘ഡോ. മൂപ്പന്‍സ് ലെഗസി സ്‌കോളര്‍ഷിപ്പ് ആന്‍ഡ് ഫെലോഷിപ്പ്‌സ് പ്രോഗ്രാം കേവലം ഒരു സാമ്പത്തിക സഹായത്തിന് അപ്പുറത്തേക്ക് വളരുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇത്തവണ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, കഴിവുള്ളവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ത്ഥികളെ നമ്മുടെ സമൂഹത്തിന് ആവശ്യമുള്ള കരുണയുള്ള ആരോഗ്യ പ്രവര്‍ത്തകരായി മാറ്റാന്‍ ഈ പദ്ധതിക്ക് സാധിക്കും,’ എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനും, ഡോ. മൂപ്പന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
പിന്നാക്ക മേഖലകളിലെ ആരോഗ്യരംഗം പരിവര്‍ത്തനം ചെയ്യുകയെന്ന ഡോ. ആസാദ് മൂപ്പന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാണ് ഈ സംരംഭം. കേരളത്തിലെ മലയോരഗോത്രവര്‍ഗ്ഗ മേഖലയും പിന്നാക്ക ജില്ലയുമായ വയനാട്ടില്‍ 2012ല്‍ സ്ഥാപിതമായ ആദ്യ മെഡിക്കല്‍ കോളേജാണ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്. ഇതുവരെ തൊള്ളായിരത്തോളം യുവ ഡോക്ടര്‍മാരെ വാര്‍ത്തെടുത്ത ഈ സ്ഥാപനം, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സുസ്ഥിരമായ ഒരു കേന്ദ്രമായി നിലകൊള്ളുന്നു.
2026 ബാച്ചിലേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ അറിയുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: https://www.dmscholarship.in/ ഫോണ്‍. 8111 888 626.
പത്ര സമ്മേളനത്തില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ ബഷീര്‍ യു, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ്, ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. ലിഡാ ആന്റണി, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. ലാല്‍ പ്രശാന്ത് എം എല്‍, ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
