പനമരം: ചികിത്സാരംഗത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എയിംസ്)സ്ഥാപിക്കണമെന്ന് ഓര്‍മ ഇന്റര്‍നാഷണല്‍ ഇന്ത്യ റീജനല്‍ ചാന്‍സലര്‍ പി.ഡി. ജോര്‍ജ് പാറപ്പുറം, രക്ഷാധികാരി പി.സി. വിന്‍സന്റ് നടവയല്‍, പ്രസിഡന്റ് കെ.ജെ. ജോസഫ്, സെക്രട്ടറി കെ.പി. ഷീജ, സ്റ്റാന്‍ലി ജേക്കബ്, സിറാജ് നെല്ലിയമ്പം, എ.സി. തോമസ്, രതീഷ് ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എയിംസ് കേരളത്തില്‍ വരുമെന്നും അത് പിന്നാക്ക ജില്ലയിലാകുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രസ്താവിച്ചത് സ്വാഗതാര്‍ഹമാണ്. വയനാടാണ് എയിംസിന് ഏറ്റവും യോജ്യമായ സ്ഥലം. വിദഗ്ധ ചികിത്സയ്ക്ക് ചുരം ഇറങ്ങേണ്ട സ്ഥിതിയിലാണ് ജില്ലയിലെ ജനം. ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നത്
കേരളത്തിലെ വടക്കന്‍ ജില്ലകളിലെയും കര്‍ണാടകയിലെ ചാമരാജ്‌നഗര്‍, കുടക്,
തമിഴ്‌നാട്ടിലെ നീലഗിരി എന്നിവിടങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടും. ജില്ലയിലെ 3.5 ലക്ഷം ഗോത്രവര്‍ഗക്കാര്‍ക്ക് ചികിത്സ തേടി മറ്റെങ്ങും പോകേണ്ടിവരില്ല. വയനാട് റെയില്‍വേ യാഥാര്‍ഥ്യമായാല്‍
തെക്കന്‍ ജില്ലക്കാര്‍ക്കും ഇവിടെ വിദഗ്ധ ചികിത്സ നേടാനാകും. പരിസ്ഥിതിക്ക് വിഘാതമില്ലാതെ വ്യോമയാന സൗകര്യം ഒരുക്കിയാല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മെഡിക്കല്‍ ടൂറിസവും സാധ്യമാകും. അതിനാല്‍ എയിംസിനുവേണ്ടി രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ജനങ്ങളും മുന്നിട്ടിറങ്ങണം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
