നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാല്‍പത്തിമൂന്നുകാരന്റെ നില ഗുരുതരമായി തുടരുന്നു. ക്വാറന്റീനില്‍ കഴിയുന്ന മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് കോഴിക്കോട് എത്തും.
പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര നഗരസഭയില്‍ ഇന്നും ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ (എന്‍.സി.ഡി.സി) നിന്നുള്ള വിദഗ്ധര്‍ നാളെ ജില്ലയില്‍ സന്ദര്‍ശനം നടത്തും.
