മാനന്തവാടി: സ്‌കൂളുകള്‍ തുറന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന വിദ്യാവാഹിനി വാഹനങ്ങളുടെ ട്രിപ്പുകള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ (ടിഡിഒ) യുമായി ചര്‍ച്ച നടത്തി. വയനാട് ജില്ലയിലെ നിരവധി ആദിവാസി വിദ്യാര്‍ത്ഥികള്‍ വിദൂര പ്രദേശങ്ങളില്‍ നിന്നാണ് സ്‌കൂളുകളിലെത്തുന്നത്. ഇവരുടെ വിദ്യാഭ്യാസം സുഗമമാക്കുന്നതിനും പഠനം മുടങ്ങാതിരിക്കുന്നതിനുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് വിദ്യാവാഹിനി. എന്നാല്‍ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും വാഹനങ്ങള്‍ സര്‍വീസ് നടത്താത്തത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.
െ്രെടബല്‍ വകുപ്പ് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതില്‍ ഉണ്ടായ കാലതാമസവും, െ്രെടബല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തന രീതിയും, ചില സ്‌കൂളുകള്‍ ആവശ്യമായ അപേക്ഷകളും വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും പൂര്‍ണമായി സമര്‍പ്പിക്കാത്തതുമാണ് വിദ്യാവാഹിനി ട്രിപ്പുകള്‍ ആരംഭിക്കുന്നതില്‍ തടസ്സമായതെന്ന് അധികൃതര്‍ വിശദീകരിച്ചു.
സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ പട്ടികയും മറ്റ് രേഖകളും കൃത്യമായി ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ അംഗീകാരങ്ങള്‍ നല്‍കി വാഹനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ടി.ഡി.ഒ ഉറപ്പുനല്‍കി. നിലവിലുള്ള സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങള്‍ അടിയന്തരമായി പരിഹരിച്ച് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതില്‍ ഒരു തരത്തിലുള്ള വീഴ്ചയും അംഗീകരിക്കാനാവില്ലെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അടിയന്തര ഇടപെടല്‍ നടത്തണം. വിദ്യാവാഹിനി വാഹനങ്ങള്‍ എത്രയും വേഗം സര്‍വീസ് ആരംഭിക്കണമെന്നും, ഭാവിയില്‍ ഇത്തരം കാലതാമസങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ ഏകോപന സംവിധാനം ഒരുക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
ആദിവാസി വിദ്യാര്‍ത്ഥികളുടെ യാത്രാവിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ തുടര്‍ന്നും ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ നടത്തുമെന്നും, ആവശ്യമായ സാഹചര്യങ്ങളില്‍ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
