Breaking
Tue. Jun 2nd, 2026

വയനാട് മെഡിക്കൽ കോളേജ്: വിവാദങ്ങളല്ല, പരിഹാരമാണ് ആവശ്യം — എസ്‌ഡിപിഐ

കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പുതിയ ചർച്ചകൾ അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുന്നതാണെന്നും, വയനാട്ടിലെ ജനങ്ങൾ നേരിടുന്ന ആരോഗ്യപരമായ പരിമിതികൾക്ക് അത് യാതൊരു പരിഹാരവും നൽകില്ലെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി.

മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി പ്രഖ്യാപിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും, ഒരു സമ്പൂർണ്ണ മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ഇന്നും യാഥാർത്ഥ്യമായിട്ടില്ല.
പ്രഖ്യാപനത്തിന് ശേഷം നടന്ന വികസനങ്ങൾ പരിമിതമായതായിരുന്നു. പലപ്പോഴും പ്രവർത്തനരഹിതമാകുന്ന സ്കാനിംഗ് സംവിധാനങ്ങൾ, ആവശ്യത്തിന് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ അഭാവം, വിദഗ്ധ ഡോക്ടർമാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാൽ ജില്ലയിലെ രോഗികൾ ഇന്നും ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

ഇതിനിടയിൽ മെഡിക്കൽ കോളേജിന്റെ സ്ഥലംമാറ്റം സംബന്ധിച്ച അനാവശ്യവും വിവാദപരവുമായ ചർച്ചകൾ ഉയർത്തുന്നത് പ്രശ്നപരിഹാരത്തിന് സഹായകരമല്ല. മറിച്ച്, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും പരിഹാര നടപടികൾ വൈകിപ്പിക്കുകയും ചെയ്യുന്നതാണ്.
ജനങ്ങൾക്ക് ആവശ്യം വിവാദങ്ങളല്ല, മികച്ച ചികിത്സാ സൗകര്യങ്ങളാണ്. അതിനാൽ നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും വയനാട് മെഡിക്കൽ കോളേജിനെ പൂർണ്ണ സജ്ജീകരണങ്ങളോടും ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ സമ്പൂർണ്ണ മെഡിക്കൽ സ്ഥാപനമായി വികസിപ്പിക്കുകയുമാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്.
ആരോഗ്യ മേഖലയെ രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് മാറ്റിനിർത്തി ജനങ്ങളുടെ ജീവനും ആരോഗ്യസുരക്ഷയും മുൻനിർത്തി സർക്കാർ ത്വരിതഗതിയിൽ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് എ. യൂസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്‌ദുൽ ജബ്ബാർ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രവർത്തക സമിതിയംഗം മുസ്തഫ പി, ജില്ലാ വൈസ് പ്രസിഡന്റ് എൻ. ഹംസ, ജനറൽ സെക്രട്ടറിമാരായ പി.ടി. സിദ്ദീഖ്, മഹറൂഫ് കെ., ട്രഷറർ സുബൈർ കെ.പി., കമ്മിറ്റി അംഗങ്ങളായ ഇ. ഉസ്മാൻ, അഡ്വ. കെ.എ. അയ്യൂബ്, ഷമീർ കെ., ഇബ്രാഹിം മൗലവി എന്നിവർ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *