Breaking
Mon. Jun 1st, 2026

റെവന്യൂമന്ത്രി എ പി അനില്‍കുമാറിന് വയനാട്ടില്‍ ഉജ്വല സ്വീകരണം

കല്‍പ്പറ്റ: റെവന്യൂമന്ത്രിയായതിന് ശേഷം ആദ്യമായി ജില്ലയിലെത്തിയ എ പി അനില്‍കുമാറിന് വയനാട്ടില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുക്കിയത് ആവേശോജ്വല സ്വീകരണം. വൈകിട്ട് നാലു മണിയോടെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്കിന്റെയും എം എല്‍ എമാരുടെയും നേതൃത്വത്തില്‍ അനില്‍കുമാറിനെ ലക്കിടിയില്‍ വെച്ച് സ്വീകരിച്ചു. ബാന്റുമേളത്തിന്റെ അകമ്പടിയോടെ നിരവധി പ്രവര്‍ത്തകരാണ് ലക്കിടിയിലെ സ്വീകരണപരിപാടിയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും മന്ത്രിക്ക് സ്വീകരണം നല്‍കി. ഡി സി സി ഓഫീസില്‍ വെച്ച് നടന്ന സ്വീകരണയോഗത്തില്‍ മന്ത്രി കേക്കുമുറിച്ച് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മധുരം കൈമാറി. നൂറുകണക്കിന് പ്രവര്‍ത്തകരായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി റെവന്യൂമന്ത്രിയെ സ്വീകരിക്കുന്നതിനായി ലക്കിടിയിലും ഡി സി സി ഓഫീസിലും എത്തിയത്. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൃഷിമന്ത്രി അഡ്വ. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഉഷാവിജയന്‍ എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, എച്ച് ബി പ്രദീപ്മാസ്റ്റര്‍, പി കെ ജയലക്ഷ്മി, പി പി ആലി, അഡ്വ. എന്‍ കെ വര്‍ഗീസ്, പോള്‍സണ്‍ കൂവക്കല്‍, ബി സുരേഷ്ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, എ എം നിശാന്ത്, എം ജി ബിജു, ബിനുതോമസ്, പി കെ അബ്ദുറഹ്‌മാന്‍, നിസി അഹമ്മദ്, വിജയമ്മ ടീച്ചര്‍, ശ്രീകാന്ത് പട്ടയന്‍, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, അഡ്വ. എം വേണുഗോപാല്‍, സംഷാദ് മരക്കാര്‍, സില്‍വി തോമസ്, ഗൗതം ഗോകുല്‍ദാസ്, മീനാക്ഷി രാമന്‍ തുടങ്ങിയ നിരവധി നേതാക്കള്‍ ലക്കിടിയിലും, ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലുമായി നടന്ന പരിപാടിയില്‍ സംബന്ധിച്ചു.

വയനാടിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കും: എ പി അനില്‍കുമാര്‍
കല്‍പ്പറ്റ: വയനാടിന് യു ഡി എഫ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് റെവന്യമന്ത്രി എ പി അനില്‍കുമാര്‍. ഡി സി സി ഒരുക്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. വയനാടിനെ സംബന്ധിച്ച നിരവധിയായ കാര്യങ്ങളാണുള്ളത്. അതിനെല്ലാം പരിഹാരം കാണുകയെന്നതാണ് പ്രധാനം. വയനാടിന്റെ വികസനത്തില്‍ എല്ലാവിധ സഹായവുമുണ്ടാകും. മുന്‍കാലങ്ങളില്‍ നിരവധി കാര്യങ്ങളില്‍ ജില്ലക്ക് ലഭിക്കാതെ പോയ പരിഗണന ഈ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *