തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപനം നയരാഹിത്യ പ്രഖ്യാപനമായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ അവഗണയെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിച്ചു. പ്രധാന പദ്ധതികളെക്കുറിച്ച് പ്രഖ്യാപനമില്ല. കുടുംബശ്രീ, കിഫ്ബി തുടങ്ങിയവയിലും മൗനമാണ്. കേന്ദ്രത്തോട് ചോദിച്ചു വാങ്ങേണ്ടതിനെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ മൗനം പാലിക്കുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തില്‍, സംസ്ഥാന സര്‍ക്കാര്‍ പറയേണ്ടത് പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ കുറേ കാര്യങ്ങള്‍ കേന്ദ്രത്തില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായിട്ടുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തില്‍ മൗനംപാലിക്കുന്നു. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ നഷ്ടപ്പെടാനാണ് ഇടയാക്കുകയെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതുയുഗ കേരളത്തിനുള്ള റൂട്ട് മാപ്പ് നയപ്രഖ്യാപനത്തില്‍ ഇല്ല. കേരളത്തിന്റെ സമഗ്രവികസനത്തിനുള്ള ബ്ലൂപ്രിന്റ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. അത് എങ്ങനെയൊക്കെയാണ് മുന്നോട്ടുപോകുക എന്നവയെക്കുറിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നില്ല. റിസര്‍വ് ബാങ്ക് അംഗീകരിച്ച കണക്കനുസരിച്ച് 5429 കോടി രൂപ ഖജനാവില്‍ നീക്കിവെച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിയത്. പക്ഷേ ആ ഭാഗം മറച്ചുവെച്ച്, തെറ്റായ നരേറ്റീവ് സൃഷ്ടിക്കാനാണ് നയപ്രഖ്യാപനത്തില്‍ ശ്രമിച്ചത്.
യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവും നയപ്രഖ്യാപനത്തില്‍ കാണാനാകും. ഒട്ടേറെ പദ്ധതികളെക്കുറിച്ച് പരാമര്‍ശമില്ല. അതെല്ലാം കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുമോ എന്ന ആശങ്കയാണ് ഉയര്‍ത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുകയാണ്. ബിജെപി ഇഡിയെ വൃത്തികെട്ട രീതിയില്‍ ഉപയോഗിക്കുകയാണ്. അതില്‍ കോണ്‍ഗ്രസിന്റെ നിലപാട് തെറ്റാണെന്നും പിണറായി കുറ്റപ്പെടുത്തി.
വന്ദേമാതരത്തില്‍ സര്‍ക്കാരിന് പിന്തുണ
വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആദ്യ രണ്ടു ഭാഗങ്ങള്‍ ദേശീയഗീതമായതിനാല്‍ ആലപിച്ചാല്‍ മതിയാകും. വന്ദേമാതരം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു. ഗവര്‍ണര്‍ക്കൊപ്പം ഡിജിപി നിയമസഭ ഫ്‌ലോറില്‍ കയറിയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. അറിയാതെ സംഭവിച്ചതാണെന്നാണ് കരുതുന്നത്. പ്രോട്ടോക്കോള്‍ ലംഘനം സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
