Breaking
Fri. May 29th, 2026

‘സ്മാർട്ട് സൺ​ഗ്ലാസുകൾ’വേണ്ട; 2 മത്സരം മാത്രം ശേഷിക്കേ ഐപിഎല്ലിൽ പുതിയ നിയമം

മുംബൈ: ഐപിഎല്ലിൽ ഈ സീസണിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. അതിനിടെ ഐപിഎല്ലിൽ പുതിയ നിയമം നടപ്പാക്കി ബിസിസിഐ. ഐപിഎൽ മത്സരം നടക്കുമ്പോൾ കളിക്കാരും മാച്ച് ഓഫീഷ്യലുകളും ‘സ്മാർട്ട് സൺ​ഗ്ലാസുകൾ’ ഉപയോ​ഗിക്കുന്നത് ബിസിസിഐ വിലക്കി. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാ​ഗമാണ് വിലക്കേർപ്പെടുത്തിയത്.

മൊബൈൽ ഡാറ്റ, വൈ- ഫൈ ഉപയോ​ഗിച്ച് തത്സമയ സ്ട്രീമിങും വിഡിയോ കോളിങ് അടക്കമുള്ള സൗകര്യങ്ങളും സാധ്യമാകുന്ന അത്യാധുനിക കമ്യൂണിക്കേഷൺ ഫീച്ചറുകൾ ഇത്തരം ​ഗ്ലാസുകളിൽ ഉള്ളതിനാലാണ് നടപടി. ഇത്തരം ​ഗ്ലാസുകൾ വിൽക്കുന്ന കമ്പനികൾ ചില താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ഇവ വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രാഞ്ചൈസികൾക്ക് ബിസിസിഐ കർശന നിർദ്ദേശം നൽകിയത്.

ടെക്സ്റ്റ് മെസേജുകൾ അയക്കാനും സ്വീകരിക്കാനും ഓഡിയോ, വിഡിയോ കോളുകൾ ചെയ്യാനും തത്സമയം സംപ്രേഷണം ചെയ്യാനും ശേഷിയുള്ള ഈ ഉപകരണങ്ങളെ ആശയ വിനിമയ ഉപകരണങ്ങളുടെ വിഭാ​ഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ കളിക്കാരും മറ്റ് ഒഫീഷ്യൽസും ഉള്ള നിശ്ചിത മേഖലകളിൽ ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോ​ഗിക്കാനോ കൈവശം വയ്ക്കാനോ പാടില്ലെന്ന കർശന നിർദ്ദേശമാണ് ബിസിസിഐ നൽകുന്നത്.

മത്സര ദിവസങ്ങളിൽ ​ഗ്രൗണ്ടിലെ ഇത്തരം സുരക്ഷിതമായ മേഖലകളിലേക്ക് പ്രവേശിക്കുമ്പോൾ സ്മാർട്ട് ഫോണുകൾ, വാച്ചുകൾ എന്നിവയ്ക്കൊപ്പം സൺ ​ഗ്ലാസുകളും സെക്യൂരിറ്റി ലെയ്സൻ ഓഫീസർക്ക് കൈമാറണമെന്നു നിർദ്ദേശത്തിലുണ്ട്. ഈ നിർദ്ദേശം ലംഘിക്കുന്നവർ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ബിസിസിഐ മുന്നറിയിപ്പ് നൽകുന്നു. കനത്ത പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരും.

സീസൺ തുടക്കത്തിൽ രാജസ്ഥാൻ റോയൽസ് സപ്പോർട്ടിങ് സ്റ്റാഫായ റോമി ഭിന്ദർ മത്സരത്തിനിടെ ടീം ഡ​ഗൗട്ടിലിരുന്നു ഫോൺ ഉപയോ​ഗിച്ചത് വിവാ​ദമായിരുന്നു. പിന്നാലെ ആദ്ദേഹത്തിനു ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വന്നു.

തുടർച്ചയായ പെരുമാറ്റച്ചട്ട ലംഘനങ്ങൾ കാരണം ഈ സീസണിലെ ഐപിഎൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. അനുമതിയില്ലാതെ രാത്രി വൈകി താരങ്ങൾ പുറത്തു പോകുന്നതും അതിഥികളെ ഹോട്ടൽ മുറിയിൽ പ്രവേശിപ്പിക്കുന്നതും നേരത്തെ ബിസിസിഐ വിലക്കിയിരുന്നു. സുരക്ഷാ ആശങ്കകളും ഹണി ട്രാപ്പ് ഭീഷണികളും അതിനിടെ ഉയർന്നു വന്നതും ബിസിസിഐയെ നിയമം കടുപ്പിക്കാൻ നിർബന്ധിതമാക്കി.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *