ന്യൂ ചണ്ഡീഗഢ്: ഐപിഎല്ലിൽ ഫൈനലിലെ രണ്ടാം ടീമിനെ ഇന്നറിയാം. ക്വാളിഫയർ രണ്ടിലെ ഹൈ വോൾട്ടേജ് പോരിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീം ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏറ്റുമുട്ടും. രാത്രി 7.30 മുതൽ ന്യൂ ചണ്ഡീഗഢിലാണ് മത്സരം. എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്തതിന്റെ കത്തും ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ. ഒന്നാം ക്വാളിഫയറിൽ ആർസിബിയോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റി ശക്തമായി തിരിച്ചടിക്കാനാണ് ഗുജറാത്ത് ഒരുങ്ങുന്നത്.
യൂനിവേഴ്സൽ ബേബി ബോസ് വൈഭവ് സൂര്യവംശിയുടെ മിന്നും ഫോമാണ് രാജസ്ഥാനെ അപകടകാരികളാക്കുന്നതെങ്കിൽ മറുഭാഗത്ത് സായ് സുദർശൻ, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരുടെ കരുത്താണ് ഗുജറാത്തിനു ആത്മവിശ്വാസം നൽകുന്നത്. എലിമിനേറ്റില്‍ വെറും 29 പന്തില്‍ 97 അടിച്ച് ഹൈദരാബാദിന്റെ കിരീട സ്വപ്നങ്ങള്‍ വൈഭവ് തകര്‍ത്തിരുന്നു.
ബൗളിങ് വൈവിധ്യത്തിന്റെ കരുത്തിലാണ് ഗുജറാത്ത് ഉറ്റുനോക്കുന്നത്. വൈഭവിനെ തുടക്കത്തിലേ എറിഞ്ഞു വീഴ്ത്തുകയായിരിക്കും ഗുജറാത്ത് ആദ്യം തന്നെ ലക്ഷ്യമിടുക. ഇതിന്റെ ചുമതല കഗിസോ റബാഡയ്ക്കും മുഹമ്മദ് സിറാജിനുമാകും. സീസണില്‍ 43 വിക്കറ്റുകളാണ് ഇരുവരും നേടിയത്. ഇവര്‍ക്ക് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും ജേസൻ ഹോള്‍ഡറുമുണ്ട്.
വൈഭവിനൊപ്പം യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജുറല്‍ എന്നിവരിലും രാജസ്ഥാൻ പ്രതീക്ഷ വയ്ക്കുന്നു. മുന്‍നിര തകര്‍ന്നാല്‍ മധ്യനിര എത്രത്തോളം പിടിച്ചു നില്‍ക്കുമെന്നത് രാജസ്ഥാനെ സംബന്ധിച്ച് വലിയ പ്രശ്നമുള്ള മേഖലയാണ്. ക്യാപ്റ്റന്‍ റിയാന്‍ പരാഗുള്‍പ്പടെ ആരും മിന്നും ഫോമിലല്ല. അപ്പുറത്ത് ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും നല്‍കുന്ന തുടക്കമാണ് ഗുജറാത്തിന്റെ കരുത്ത്. ഇരുവരും മിന്നിതിളങ്ങിയാല്‍ അനായാസം ഗുജറാത്ത് മുന്നേറും. പിന്നാലെ വരുന്ന ജോസ് ബട്ലറും മിന്നും ഫോമിലാണ്. ആർസിബിക്കെതിരെ മുൻനിര പരാജയപ്പെട്ടപ്പോൾ രാഹുൽ തേവാടിയ ഫോമിലേക്ക് മടങ്ങി വന്നിരുന്നു. ഇന്നത്തെ മത്സരത്തിൽ ഗുജറാത്തിനു ഇത് പോസിറ്റീവാണ്.
ജോഫ്ര ആര്‍ച്ചറിന്റെ ഓപ്പണിങ് സ്‌പെല്‍ മറികടന്നു വേണം സായ് – ഗില്‍ സഖ്യത്തിന് നിലയുറപ്പിക്കാൻ. ആര്‍ച്ചര്‍ മങ്ങിയാല്‍ രാജസ്ഥാൻ ബൗളിങിന്റെ പ്ലാൻ ബി എന്താണെന്നു നിർണായകം. പവര്‍പ്ലേയില്‍ തന്നെ കളി പിടിക്കുന്ന സംഘങ്ങളാണ് രാജസ്ഥാനും ഗുജറാത്തും. ഓപ്പണിങ് ബൗളിങ്ങും ബാറ്റിങ്ങുമാണ് ഇരു ടീമുകളുടേയും കരുത്ത് എന്നതിനാല്‍ പ്രവചനവും അസാധ്യം.
