Breaking
Mon. May 25th, 2026

സ്വർണ വില കൂടിയപ്പോള്‍ ബാങ്കുകള്‍ക്കും കോളടിച്ചു: സ്വർണ്ണവായ്പകളില്‍ റെക്കോർഡ് വർധനവ്

രാജ്യത്തെ സ്വർണവായ്പകളില്‍ വന്‍ വർധനവ്. മുൻവർഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സ്വർണ്ണവായ്പാ വിപണിയിൽ 50.4 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. ‘സിആർഐഎഫ് ഹൈ മാർക്ക്’ (CRIF High Mark) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ റീട്ടെയിൽ വായ്പാ രംഗത്ത് സ്വർണ്ണവായ്പകൾ ഒന്നാമതെത്തിയതായി വ്യക്തമാക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഇന്ത്യയിലെ ആകെ സ്വർണ്ണവായ്പ തുക 18.6 ലക്ഷം കോടി രൂപയായി ഉയർന്നു. റീട്ടെയിൽ ക്രെഡിറ്റ് വിപണിയിൽ നിലവിൽ ഏറ്റവും വേഗത്തിൽ വളരുന്ന വായ്പാ വിഭാഗമായി ഇതോടെ സ്വർണ്ണവായ്പകൾ മാറി.
സ്വർണ്ണവിലയിൽ തുടർച്ചയായുണ്ടാകുന്ന വർദ്ധനവാണ് സ്വർണവായ്പകളിലെ ഈ വൻ കുതിപ്പിന് പിന്നിലെ പ്രധാന കാരണം. സ്വർണ്ണത്തിന്റെ മൂല്യം ഉയർന്നതോടെ, ഒരേ ആഭരണത്തിന്മേൽ മുൻപത്തേക്കാൾ വലിയ തുക വായ്പയായി നേടാൻ ഉപഭോക്താക്കൾക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. പണയം വയ്ക്കാൻ ഭൗതികമായ ആസ്തിയുള്ളതിനാൽ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് സുരക്ഷിതമായ വായ്പയായി മാറുന്നു.
അടിയന്തിര ചികിത്സാ ആവശ്യങ്ങൾ, ബിസിനസ്സ് വിപുലീകരണം, വിദ്യാഭ്യാസം എന്നിവയ്ക്കായി ആഭരണങ്ങൾ വിറ്റഴിക്കുന്നതിന് പകരം, താല്ക്കാലികമായി പണയം വെച്ച് പണം കണ്ടെത്താനാണ് ഭൂരിഭാഗം കുടുംബങ്ങളും താല്പര്യപ്പെടുന്നത്. വായ്പയെടുക്കുന്ന തുക വർദ്ധിച്ചിട്ടുണ്ടെങ്കിലും തിരിച്ചടവുകൾ കൃത്യമായി നടക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *