Breaking
Mon. May 25th, 2026

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; 50ഓളം പേര്‍ക്കെതിരെ കേസ്

എറണാകുളം മലയിടംതുരുത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ക്കെതിരെ കേസ്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് നടപടി.

വിഷയത്തില്‍ റവന്യു വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ ഇന്ന് പ്രതികരിച്ചിട്ടുണ്ട്. കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന കാര്യം കഴിഞ്ഞ കുറേ കാലങ്ങളായി ഉള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുക എന്നുള്ളതാണ് ഗവണ്‍മെന്റ് നയമെന്നും ാെപാലീസ് നടപടികള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞദിവസം തന്നെ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയത്തില്‍ അഭിഭാഷക കമ്മീഷന്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരിച്ചുപിടിക്കേണ്ട രണ്ടര ഏക്കറോളം ഭൂമിയില്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം സര്‍ക്കാര്‍ എടുത്ത നിലപാടും ചൂണ്ടിക്കാണിച്ചായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കഴിഞ്ഞതവണകളില്‍ നിന്ന് വ്യത്യസ്തമായി പൊലീസിന്റെ ഇടപെടല്‍ ഇത്തവണ ഗുണം ചെയ്തു എന്നാണ് അഭിഭാഷക കമ്മീഷന്റെ നിലപാട്. എന്നാല്‍, പ്രദേശത്ത് താമസിക്കുന്ന എട്ടിലധികം വരുന്ന പട്ടികജാതി വിഭാഗത്തിലുള്ളവരുടെ ആശങ്കയും എതിര്‍പ്പും ഇപ്പോഴും തുടരുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അതിജീവനം ഉറപ്പാക്കണം എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. സമരത്തില്‍ തുടക്കം മുതല്‍ ഇടപെടുന്ന സിപിഐഎം കഴിഞ്ഞ ദിവസം ഉണ്ടായ പൊലീസ് മര്‍ദനത്തിന് പിന്നാലെ വിഷയത്തെ സംസ്ഥാനതലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനാണ് ശ്രമിക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *